കറുത്ത കാറും കണ്ണടയും; ‘മധുരൈ’ ഓർമകളിൽ ഡോ. ടോണി ഫെർണാണ്ടസ്

എം.കരുണാനിധി, ഡോ. ടോണി ഫെർണാണ്ടസ്

തൃശൂർ ∙ കറുത്ത അംബാസിഡർ കാർ, അതു വാങ്ങിയ കറുത്ത കണ്ണടക്കാരൻ, അതിന്റെ പേരിലുണ്ടായ പൊല്ലാപ്പ്.. അരനൂറ്റാണ്ടു പഴക്കമുള്ള ആ ‘മധുരൈ’ ഓർമകളിലാണു കരുണാനിധി ഓർമയാകുമ്പോൾ കേരളത്തിലെ പ്രശസ്തനായ നേത്ര ഡോക്ടർ ഡോ. ടോണി ഫെർണാണ്ടസ്. 1966ലാണ് അങ്കമാലിക്കാരനായ ഡോ. ടോണി ഫെർണാണ്ടസ് മധുരയിൽ ഡോക്ടറായി സേവനം ചെയ്യുന്നത്. പിതാവിന്റെ കയ്യിൽനിന്നു കിട്ടിയ കറുത്ത അംബാസഡർ കാർ വിൽക്കാൻ പരസ്യം കൊടുത്തു. വാങ്ങാനായി ഒരു കറുത്തുതടിച്ച കപ്പടാമീശക്കാരൻ വന്നു. മധുരൈ മുത്തു എന്നു പേര്. വണ്ടികണ്ട് ഇഷ്ടപ്പെട്ട തമിഴൻ കയ്യോടെ അഡ്വാൻസ് കൊടുത്തു. എന്നിട്ടൊരപേക്ഷ.

‘മധുരയിലെ ഡിഎംകെ പ്രവർത്തകരായ ഞങ്ങൾ ഇവിടെ ഒരു നാടകം സംഘടിപ്പിച്ചിട്ടുണ്ട്. അതിൽനിന്നു പിരിഞ്ഞുകിട്ടിയശേഷമേ ബാക്കി പണം തരൂ. പക്ഷേ കാർ ഇന്നു കിട്ടണം’. ഏഴായിരം രൂപയ്ക്കായിരുന്നു കച്ചവടം. ഇടപാട് സമ്മതിച്ചെങ്കിലും അന്നുരാത്രി അത്യാവശ്യമായി ഡോ. ടോണിക്കു കൊച്ചിക്കു മടങ്ങേണ്ടി വന്നു. തമിഴ്നാട്ടിലെ സഹായി രാജനെ എല്ലാക്കാര്യങ്ങളും ഏൽപിച്ച ശേഷമായിരുന്നു യാത്ര. പിരിഞ്ഞുകിട്ടിയ നാണയത്തുട്ടുകളുമായും മുഷിഞ്ഞ നോട്ടുകളുമായും നാടകപ്പിറ്റേന്നു തന്നെ ഡിഎംകെക്കാർ എത്തി. പണം നൽകി. നാലുദിവസം കഴിഞ്ഞു ‍ഡോ. ടോണി കൊച്ചിയിൽ നിന്നു തിരിച്ചെത്തിയപ്പോഴേക്കും പുകിലായി.

ആ കറുത്തകാറും മലയാളി ഡോക്ടറും തമിഴ് രാഷ്ട്രീയത്തിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഡിഎംകെക്കാർ കാർ വാങ്ങിയതു കരുണാനിധിക്കു വേണ്ടിയാണ്. കരുണാനിധി ശ്രദ്ധനേടിവരുന്ന സമയം. കരുണാനിധി വേദിയിൽ പ്രസംഗിച്ചു: ‘ഇന്ത്യയിൽ ആദ്യമായി കമ്യൂണിസ്റ്റുകാർ അധികാരത്തിലേറിയ നാടാണ് കേരളം. ആ നാട്ടുകാരനൊരാൾ തന്റെ കാർ ഡിഎംകെയ്ക്കു സംഭാവന ചെയ്തിരിക്കുന്നു. ഈ സംഭാവന ഡിഎംകെയ്ക്കു കിട്ടുന്ന ദേശീയ അംഗീകാരത്തിന്റെ ഭാഗമാണ്..’ അന്നു കോൺഗ്രസാണു ഭരണത്തിൽ. തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് ഈ പ്രസംഗം. ഡോ. ടോണി തിരികെ നാട്ടിൽ ചെല്ലുമ്പോൾ ഇന്റലിജൻസുകാർ തപ്പിയെത്തിയിരിക്കുന്നു. എന്താണ് ഈ ഇടപാടിനു പിന്നിലെന്നറിയണം. പോരാത്തതിനു ജോലി ചെയ്യുന്ന കോളജ് അധികൃതരുടെ കാരണം കാണിക്കൽ നോട്ടിസും.

അബാസഡർ കാർ ആർക്കും സംഭാവന നൽകിയതല്ല, വില വാങ്ങി വിറ്റതാണെന്നു തെളിയിക്കാൻ നന്നേ പാടുപെട്ടു. മധുര മുത്തുവിന്റെ പേരുപറഞ്ഞതും പ്രശ്നമായി. ആൾ സ്ഥലത്തെ പ്രധാന ഗുണ്ടകളിലൊരാൾ ആണത്രേ. അവിടുത്തെ കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്ന പ്രഫ. വെങ്കിട്ടസ്വാമി നടത്തിയ ഇടപെടലാണ് രക്ഷപെടുത്തിയതെന്നു ഡോ. ടോണി ഓർമിക്കുന്നു. ആ വർഷം ഡിഎംകെ കോൺഗ്രസിനെ മലർത്തിയടിച്ചു തമിഴകം പിടിച്ചടക്കി. ഡിഎംകെയുടെ സ്ഥാപകനേതാവ് സി.എൻ.അണ്ണാദുരൈ മുഖ്യമന്ത്രി ആയി.

ഇതോടെ കാർ ഇടപാട് വീണ്ടും പൊല്ലാപ്പായി. എന്തെങ്കിലും ആവശ്യം വന്നാൽ ഡിഎംകെയുമായി ബന്ധമുള്ള താൻ സഹായിക്കണമെന്നു പറഞ്ഞു കോളജ് അധികൃതരും മറ്റുള്ളവരും തേടിയെത്തി. മധുര മുത്തുവഴി പല കാര്യങ്ങൾക്കും ഇടപെടാൻ നിർബന്ധിതനാവുകയും ചെയ്തു. ഈ പഴയകാല അനുഭവങ്ങളെല്ലാം ചേർത്തു ഡോ. ടോണി ഫെർണാണ്ടസിന്റെ ‘നേത്രോൽസവം’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണു തൃശൂർ കറന്റ് ബുക്സ്. ഇന്ത്യയിലെ പ്രമുഖ നേത്ര ഡോക്ടർമാരിലൊരാളായി മാറിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.