കരുണാനിധിയുടെ വിയോഗം; ഡിഎംകെ അടിയന്തിര യോഗം 14ന്

ചെന്നൈ∙ പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചിക്കാന്‍ 14ന് ഡിഎംകെ അടിയന്തര നിര്‍വാഹക സമിതി യോഗം ചേരും. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ അധ്യക്ഷപദം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണു പാര്‍ട്ടി അടിയന്തരമായി യോഗം വിളിച്ചിരിക്കുന്നത്. 

പാര്‍ട്ടി ആസ്ഥാനമായ 'അണ്ണ അരിവാലയ'ത്തില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങില്‍ എല്ലാ നിര്‍വാഹകസമിതി അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുശോചനമല്ലാതെ മറ്റൊരു അജണ്ടയും യോഗത്തിനില്ലെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജനറല്‍ കൗണ്‍സില്‍ ചേരാനുള്ള തീയതി നിശ്ചയിക്കും. 1969ല്‍ ഡിഎംകെ സ്ഥാപകന്‍ അണ്ണാദുരൈ അന്തരിച്ചപ്പോഴും സമാനമായി യോഗം ചേര്‍ന്നിരുന്നു. 

എം.കെ. സ്റ്റാലിനെ അധ്യക്ഷനാക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും ജനറല്‍ കൗണ്‍സില്‍ ഇതു സംബന്ധിച്ചു പ്രമേയം പാസാക്കുമെന്നും സ്റ്റാലിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റാക്കിയത്. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതിനു ശേഷം സ്റ്റാലിന്‍ നേരിട്ടാണു പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.