കവിജ്​ഞർ സൗഖ്യമാ...’; ഇനിയില്ല ആ ചോദ്യം, രമേശൻ നായരുടെ ഓർമകളിൽ കലൈജ്‌ഞർ

കവി. എസ്. രമേശൻ നായരെ തമിഴ്നാടിന്റെ വിശിഷ്ടാതിഥിയായി പ്രഖ്യാപിച്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി അദ്ദേഹത്തെ ആദരിക്കുന്നു. ( ഫയൽചിത്രം–2001 ജനുവരി 16)

കൊച്ചി ∙ തിരുക്കുറൾ മലയാളത്തിലേക്കു തർജമ ചെയ്ത കവി എസ്. രമേശൻ നായരെയാണ് സാക്ഷാൽ കലൈജ്‌ഞർ കരുണാനിധി തന്റെ നോവലുകളിലൊന്ന്  ‘തെൻപാണ്ടി സിംഹം’ മലയാളത്തിലേക്ക്  മൊഴിമാറ്റുന്ന ചുമതല ഏൽപിച്ചത്. കവിജ്ഞർ എന്നു സ്നേഹത്തോടെ തന്നെ വിളിക്കുന്ന കരുണാനിധിയെക്കുറിച്ചോർക്കുമ്പോൾ കവി എസ്. രമേശൻ നായർക്കു പറയാനേറെയാണ്.

മുഖ്യമന്ത്രിമാർ പലരുമുണ്ടാകും, അവരിൽ പലരും കലാകാരന്മാരുമാകാം, പക്ഷെ തമിഴ്നാടിന്റെ പാരമ്പര്യത്തെ ഉണർത്തിയ ഇതുപോലൊരു ജനനേതാവ് അവിടെയുണ്ടോ എന്ന കാര്യത്തിൽ രമേശൻ നായർക്കു സംശയമുണ്ട്. കാരണം തമിഴ് സംസ്കൃതിയുടെ അടിസ്ഥാന താത്വികഗ്രന്ഥമായ തിരുക്കുറളിനെ അത്രമാത്രം കരുണാനിധി വിലമതിച്ചിരുന്നു. 1998ൽ തിരുവനന്തപുരം ടഗോർ തിയറ്ററിലാണ് തിരുക്കുറളിന്റെ മലയാളം തർജമയുടെ ഉത്രം തിരുനാൾ മാർത്താണ്ഡവർമ പ്രകാശനം ചെയ്തത്. 

ഇതേക്കുറിച്ച് താൻ തമിഴ്നാട് സർക്കാരിനെയോ മുഖ്യമന്ത്രി കരുണാനിധിയെയോ അറിയിച്ചിട്ടൊന്നുമില്ലായിരുന്നു. എന്നാൽ 2000 ജനുവരിയിൽ കന്യാകുമാരിയിൽ തിരുവള്ളുവരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് അദ്ഭുതപ്പെടുത്തിയെന്ന്  രമേശൻ നായർ പറയുന്നു. തന്നെ വേദിയിൽ അടുത്തിരുത്തിയ കരുണാനിധി തിരുക്കുറളിനെക്കുറിച്ചും തർജമയെക്കുറിച്ചും ഏറെ സംസാരിച്ചു. 

കരുണാനിധിയുടെ നോവലിന്റെ മലയാളപരിഭാഷയുടെ കവർ.

തുടർന്നായിരുന്നു നോവൽ തർജമ ഏൽപിക്കുന്നത്. ഇംഗ്ലിഷ് അധിനിവേശം നാട്ടിലെ ജനങ്ങളെ വിഘടിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും ഒടുവിൽ എല്ലാം പരാജയപ്പെടുത്തി ദേശീയബോധം ഉണരുന്നതുമാണ് നോവൽ ഇതിവൃത്തം. 270 പേജുള്ള ഈ വിവർത്തനം 2000 ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. 

ചെന്നൈയിൽ 2001 ജനുവരി 16ന് നടന്ന വള്ളുവർ ദിനാഘോഷത്തിൽ ക്ഷണിച്ചുവരുത്തി മൂന്നു ലക്ഷം രൂപയുടെ പുരസ്കാരം നൽകി ആദരിച്ചത്. അതോടൊപ്പം സംസ്ഥാനത്തിന്റെ വിശിഷ്ടാതിഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് തമിഴ് സാഹിത്യ അക്കാദമിക്കു രൂപം കൊടുത്തതും കരുണാനിധിയായിരുന്നുവെന്ന്  എസ്. രമേശൻ നായർ ഓർമിക്കുന്നു. 2000ൽ അണ്ടർ സെക്രട്ടറിമാരിലൊരാളായ നാഗരാജനെയാണ് ഇതുസംബന്ധിച്ച പ്രാഥമികചർച്ചകൾക്കും മറ്റുമായി കരുണാനിധി തന്റെ അടുക്കലേക്കയച്ചത്. അന്ന് കേരള സാഹിത്യ അക്കാദമിയിലും മറ്റും കൊണ്ടുപോയി വിവരങ്ങൾക്കൊപ്പം കേരള സാഹിത്യ അക്കാദമിയുടെ ബൈലോയുടെ കോപ്പിയും നൽകിയാണ് ഉദ്യോഗസ്ഥനെ തിരിച്ചയച്ചത്. ആ വർഷംതന്നെ തമിഴ്നാട്ടിലും സാഹിത്യ അക്കാദമി പ്രവർത്തനമാരംഭിച്ചു. 

രമേശൻ നായർ തമിഴിൽനിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്ത ചിലപ്പതികാരം (1978), സുബ്രഹ്മണ്യഭാരതിയുടെ  കവിതകൾ (1982), തിരുക്കുറൾ (1998) എന്നീ കൃതികൾ കലൈജ്ഞർക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ചെന്നൈയിൽ പോയ അവസരങ്ങളിൽ പിന്നീടും കരുണാനിധിയെ കാണാൻ പോയിരുന്നു. അപ്പോഴെല്ലാം ‘കവിജ്ഞർ സൗഖ്യമാ’ എന്ന സ്നേഹപൂർണമായ അന്വേഷണം തന്റെ മനസിൽ ഇപ്പോഴും നിറഞ്ഞുനിൽപുണ്ടെന്നും രമേശൻ നായർ പറഞ്ഞുനിർത്തി.