റോഡുകള്‍ നന്നാക്കുന്നതിന് ആയിരം കോടി; നദികളിൽ ബന്ധാരകളുണ്ടാക്കാന്‍ മന്ത്രിസഭാ തീരുമാനം

എൽഡിഎഫ് മന്ത്രിസഭാ യോഗം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന് ഒന്നാം ഘട്ടമായി 1000 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജൂണ്‍-ജൂലൈ മാസങ്ങളിലുണ്ടായ പേമാരിയില്‍ 8420 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നതായാണു പൊതുമരാമത്ത് വകുപ്പു പ്രാഥമികമായി കണക്കാക്കിയിട്ടുളളത്. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുളള റോഡുകള്‍ നന്നാക്കുന്നതിന് 200 കോടി രൂപയുടെ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.

കാസര്‍കോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ അഞ്ചു നദികളില്‍ ജലസംഭരണത്തിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസര്‍കോട്), പനമരം നദീതടം (വയനാട്), അച്ചന്‍കോവില്‍ (പത്തനംതിട്ട) നദീതടം എന്നീ നദികളിലാണു പരീക്ഷണ അടിസ്ഥാനത്തില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് 175 കോടി രൂപയാണു ചെലവു വരിക. നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളില്‍ മാത്രമായി ജലം തടഞ്ഞു നിര്‍ത്തുന്ന സംഭരണികളാണു ബന്ധാരകള്‍. ഒരേ നദിയില്‍ തന്നെ പലയിടത്തായി ബന്ധാരകള്‍ നിര്‍മിക്കാനാകും. മഴക്കാലത്ത് എല്ലാ ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാല്‍ ഷട്ടറുകള്‍ ഉറപ്പിച്ചു ജലം സംഭരിക്കുകയും നീരൊഴുക്കു കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകള്‍ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണു പ്രവര്‍ത്തന രീതി.

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്തിലെ പൂപ്പാറയില്‍ 2018-19 അധ്യയനവര്‍ഷം മുതല്‍ പുതിയ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജ് ആരംഭിക്കും. ഇതിനുവേണ്ടി ഒരു പ്രിന്‍സിപ്പലിന്‍റെയും മൂന്ന് അസിസ്റ്റന്‍റ് പ്രഫസര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും. 1960-ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.