ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിമാർക്കു മുന്നിൽ ഗ്ലാസിന്റെ ഒരു കവചമുണ്ടാകാറുണ്ട്, ബുള്ളറ്റ് പ്രൂഫാണത്. ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാർക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. എന്നാൽ 2014ൽ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റാൻ ആവശ്യപ്പെട്ടു. ‘ജനങ്ങളോട് നേരിട്ടു സംവദിക്കാൻ’ വേണ്ടിയായിരുന്നു അത്.
പിന്നീടങ്ങോട്ട് എല്ലാ സ്വാതന്ത്ര്യദിനത്തിനും ഗ്ലാസ് മറയില്ലാതെ മോദി പ്രസംഗിക്കുമ്പോൾ പക്ഷേ മറവിൽ ഇന്ത്യയുടെ സുരക്ഷാസേന സകല സന്നാഹങ്ങളും ഒരുക്കിയിരിപ്പുണ്ടായിരുന്നു. ഒരിലയനക്കം പോലും ശ്രദ്ധയോടെ നിരീക്ഷിച്ച്, ഇത്തവണയുമുണ്ട് പ്രധാനമന്ത്രിക്കായി ഒരുക്കിയ സുരക്ഷാക്കോട്ട!