പത്തനംതിട്ടയിൽ 1,85,000 ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല; നാനൂറിലധികം പേരെ രക്ഷപ്പെടുത്തി

ആറന്മുള വിളക്കുമാടം കൊട്ടാരത്തിന്റെ സമീപ ഭാഗങ്ങളിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞവരെ നാവികസേനയുടെ ഹെലികോപ്റ്ററിൽ ഇടയാറന്മുള എഎംഎം എച്ച്എസ്എസ് ഗ്രൗണ്ടിൽ ഇറക്കിയപ്പോൾ. ഇവിടെ ക്യാംപും പ്രവർത്തനം ആരംഭിച്ചു. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട∙ കോഴഞ്ചേരി താലൂക്കിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നാനൂറിൽ അധികം ആളുകളെ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചില സ്ഥലങ്ങളില്‍ വെള്ളത്തിന്റെ ചുഴിയും ഒഴുക്കും കാരണം ബോട്ടുകള്‍ക്ക് അടുക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍ മുഖേന ആളുകളെ ഒഴിപ്പിച്ചു വരുന്നു. ഇന്നു വൈകുന്നേരത്തോ'ടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഇരുനൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൊല്ലം നീണ്ടകരയില്‍ നിന്ന് എത്തിച്ച ബോട്ടുകളിലാണ് കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറ്റിയത്.

സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും സജീവമാണ്. പത്തു വർഷത്തിനു ശേഷം ആദ്യമായാണ് പത്തനംതിട്ട നഗരത്തിൽ വെള്ളം കയറുന്നത്. റാന്നിയിൽ നിന്നു നാവിക സേന രക്ഷപ്പെടുത്തിയ 20 പേരെ തിരുവനന്തപുരം ശംഖുമുഖം നാവിക കേന്ദ്രത്തിൽ ഇറക്കി. ഒട്ടേറെപ്പേർ കെട്ടിടങ്ങളുടെ മുകളിൽ അഭയം തേടിയിരിക്കുകയാണ്.

അതിനിടെ, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വയോധികയായ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. തോട്ടപ്പുഴശേരി വില്ലേജിൽ കുറിയന്നൂർ മാതിരംപള്ളി ജംക്‌ഷനു സമീപം പുല്ലേലിക്കടവിൽ അന്നമ്മ മത്തായി (78) ആണ് മരിച്ചത്. രാവിലെ 10.30നായിരുന്നു സംഭവം. വെള്ളം കയറിയതിനെതുടർന്നു വീട്ടുകാരെ ഒഴിപ്പിക്കുന്നതിനിടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ഇതുവരെ വീട്ടിൽനിന്നു മാറ്റാൻ കഴിഞ്ഞിട്ടില്ല. വില്ലേജ് ഓഫിസർ ഹെലികോപ്റ്ററിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ആറന്മുളയിൽ ആറാട്ടുപുഴ ആശിർവാദ് വീട്ടിൽ അമ്മിണിയമ്മ വെള്ളം ഉയർന്നതിനെ തുടർന്ന് മുകളിലത്തെ നിലയിലേക്ക് മാറുന്നതിനിടയിൽ വെള്ളത്തിൽ വീണു മരിച്ചു.

1,85,000 ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല

വെള്ളപ്പൊക്കത്തെ തുടർന്ന് കെഎസ്ഇബി പത്തനംതിട്ട ജില്ലയിൽ 1200 ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തു. 238 ട്രാൻസ്ഫോർമറുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. റാന്നി, കോഴഞ്ചേരി, പത്തനംതിട്ട, കക്കാട്, കൂടൽ, മല്ലപ്പള്ളി സബ് സ്റ്റേഷനുകളിൾക്കു കീഴിലുള്ള 1,85,000 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം നിലച്ചു. മല്ലപ്പള്ളി റാന്നി അടൂർ കോഴഞ്ചേരി പെരിനാട് തിരുവല്ല കക്കാട്, എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണമായും നിർത്തിവച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണിത്. അടൂർ സബ് സ്റ്റേഷന്റെ ഏതാനും ഭാഗങ്ങളിൽ മാത്രമാണ് വൈദ്യുതി വിതരണം നടക്കുന്നത്.

പ്രളയതാണ്ഡവമാടി നദികൾ

അ‍ഞ്ചു കിലോമീറ്റർ അകലെക്കൂടി ഒഴുകുന്ന പമ്പയും മണിമലയാറും ഒന്നിച്ചൊഴുകുന്ന ഭീകരമായ അവസ്ഥയാണ് ജില്ലയുടെ ചില ഭാഗങ്ങളിലുള്ളത്. ഇതിനിടയിലുള്ള വരട്ടാറും കരകവിഞ്ഞൊഴുകുന്നു. മൂന്നു നദികളുടെയും ഇടയിൽ ആയിരക്കണക്കിനു കുടുംബങ്ങൾ രക്ഷപെടാൻ വഴി കാണാതെ കുടുങ്ങിക്കിടക്കുന്നു. എവിടെയൊക്കെ ആരെയൊക്കെ രക്ഷപെടുത്തണമെന്നറിയാതെ രക്ഷാപ്രവർത്തകരും വലയുകയാണ്. മിക്ക രണ്ടു നിലവീടുകളുടെ മുകളിലത്തെ നിലകളിൽ ആളുകൾ കൂട്ടത്തോടെ കഴിയുകയാണ്. വെള്ളവും വെളിച്ചവും ഭക്ഷണവും രക്ഷപെടാനുള്ള വഴിയും അറിയാതെ കൊച്ചുകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വലയുന്നു. ദിവസവും മൂന്നുനേരം മുടങ്ങാതെ മരുന്നു കഴിക്കുന്ന പ്രായമായവർ പലരും മരുന്നു കിട്ടാതെയും ബുദ്ധിമുട്ടുന്നു.

കവിയൂർ, കുറ്റൂർ, ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട്, തിരുവൻവണ്ടൂർ, കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, എന്നീ പഞ്ചായത്തുകളിലെ ജനങ്ങളുടെ രണ്ടു ദിവസമായുള്ള അവസ്ഥ ഇതാണ്. വാഹനം വഴിയിൽ ഇറക്കാനാവാത്തതിനാൽ രക്ഷപെടാൻ കഴിയാത്ത അവസ്ഥ. എംസി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും ആഴത്തിൽ മുങ്ങികിടക്കുന്നു. ഒപ്പം ശക്തമായ ഒഴുക്കും. നടന്നുപോകാൻ പോലും കഴിയുന്നില്ല. പമ്പയുടെ തീരങ്ങളായ ഓതറ, ഇടനാട്, ആറാട്ടുപുഴ, കല്ലിശേരി, മാരാമൺ, ചെട്ടിമുക്ക് എന്നീ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻപോലും കഴിഞ്ഞിട്ടില്ല. കൂടുതൽ രക്ഷാപ്രവർത്തകരും വള്ളങ്ങൾ, ഫൈബർ ബോട്ടുകൾ എന്നിവ അടിയന്തിരമായി എത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ജില്ലാ കലക്ടറുടെ അറിയിപ്പ്

കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷപെടുത്തുമെന്ന് പത്തനം ജില്ലാ കലക്ടർ ഉറപ്പുനൽകി. കോഴഞ്ചേരിയിലെയും ആറന്മുളയിലെയും രക്ഷാപ്രവര്‍ത്തനം കലക്ടര്‍ നേരിട്ട് വിലയിരുത്തുകയാണ്. ജില്ലാ കലക്ടര്‍ക്കൊപ്പം അടൂര്‍ ആര്‍ഡിഒ എം.എ. റഹീമും കോഴഞ്ചേരിയിലെയും ആറന്മുളയിലെയും രക്ഷാപ്രവര്‍ത്തന നടപടികള്‍ ഏകോപിപ്പിക്കും. കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ വീടുകളില്‍ കുടുങ്ങി കിടന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരികയാണ്. റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുവരുന്നു. തിരുവല്ല താലൂക്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നീണ്ടകരയില്‍ നിന്ന് എത്തിച്ച നാല് ബോട്ടുകള്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ വീടുകളില്‍ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് നീണ്ടകരയില്‍ നിന്നുള്ള എട്ടു ബോട്ടുകള്‍ പ്രവര്‍ത്തനം നടത്തി വരുന്നു. ഏഴ് എണ്ണം കോഴഞ്ചേരിയിലും ഒരെണ്ണം റാന്നിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. നാലു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയില്‍ എത്തിച്ചിട്ടുണ്ട്. റാന്നിയില്‍ ജലനിരപ്പ് രണ്ട് അടിയോളം താഴ്ന്നിട്ടുള്ള സാഹചര്യത്തില്‍ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഇവ തിരുവല്ലയില്‍ വിന്യസിച്ചത്. എന്‍ഡിആര്‍എഫിന്റെ മൂന്ന് ഡിങ്കി ടീമുകള്‍ റാന്നിയിലും അഞ്ച് ഡിങ്കി ടീമുകള്‍ കോഴഞ്ചേരിയിലും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു. എന്‍ഡിആര്‍എഫിന്റെ ആറു ബോട്ടുകള്‍ ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിലും മൂന്നു ബോട്ടുകള്‍ റാന്നിയിലും രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു.

എന്‍ഡിആര്‍എഫിന്റെ ഒരു ബോട്ട് പത്തനംതിട്ടയില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആണ് ഈ ക്രമീകരണം. എറണാകുളത്തു നിന്നും അഞ്ച് സ്പീഡ് ബോട്ടുകളും തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള മൂന്നു ബോട്ടുകളും ഉടന്‍ എത്തും. ഞായറാഴ്ച രണ്ട് ഹെലികോപ്ടറുകള്‍ റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഒരു തവണ അഞ്ചു പേരെയാണ് ഹെലികോപ്ടറുകളില്‍ രക്ഷപ്പെടുത്തുവാന്‍ കഴിയുന്നത്. ഇന്നും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടുള്ള സാഹചര്യത്തില്‍ അപ്പര്‍ക്കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഉയര്‍ന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാന്‍ തയാറാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ പുതപ്പുകള്‍, കിടക്കകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ക്യാമ്പുകളില്‍ എത്തിക്കുകയോ, കണ്‍ട്രോള്‍ റൂമുകളില്‍ എത്തിക്കുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിആര്‍എഫിന്റെ 10 ടീം കൂടി രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലയില്‍ ഇന്ന് എത്തിയിട്ടുണ്ട്. നേരത്തെ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ എന്‍ഡിആര്‍എഫ് ടീമുകളുടെ എണ്ണം 15 ആയി. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് എന്‍ഡിആര്‍എഫിന്റെ സേവനം വളരെ സഹായകമായിട്ടുണ്ട്.

ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ കർശന നിർദ്ദേശം. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടൽ സാധ്യതാ മുന്നറിയിപ്പും ഉണ്ട്.

പമ്പയിൽ വൈദ്യുതി വിതരണം തടസപ്പെട്ടതിനാൽ മൊബൈൽ ടവറുകൾ പ്രവർത്തനരഹിതമാണ്. പൊലീസിന്റെ വയർലസ് സംവിധാനമാണ് വാർത്താവിനിമയത്തിനുള്ള ഏക ഉപാധി. പത്തനംതിട്ട കൺട്രോൾ റൂം കേന്ദ്രീകരിച്ച് പൊലീസിന്റെ വയർലസ് സംഘം സജീവമാണ്. പമ്പയിൽ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പത്തനംതിട്ട കൺട്രോൾ റൂമുമായി ബന്ധപ്പെടാം. നമ്പർ 04682 320266.