ശുചീകരണത്തിന് സർക്കാർ സഹായം; പഞ്ചായത്തിന് 25,000, മുനിസിപ്പാലിറ്റിക്ക് 50,000 രൂപ

പാണ്ടനാട് പുന്നശേരിൽ അനിലിന്റെ വീട്ടിൽ വെള്ളം ഇറങ്ങിയതിനെത്തുടർന്നു വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്ന ഭാര്യ ശ്രീജ. ചിത്രം: മനോരമ

പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ. ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓരോ പഞ്ചായത്ത് വാർഡിനും 25,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ മുനിസിപ്പൽ, കോർപറേഷൻ വാർഡിനു 50,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം, രക്ഷാപ്രവര്‍ത്തനം അവസാനിച്ചെങ്കിലും മിക്കയിടങ്ങളിലും ദുരിതം തുടരുകയാണ്. കോട്ടയത്തെ കുമരകം, വൈക്കം മേഖലകളില്‍ വെള്ളപ്പൊക്കം തുടരുന്നു. വീടുകളിലെ വെള്ളമിറങ്ങാത്തതിനാല്‍ ഇൗ മേഖലയിലെ അരലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. കുട്ടനാട്ടില്‍ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയുണ്ടായ വെള്ളക്കെട്ട് ആലപ്പുഴയിലെ നഗരപ്രദേശങ്ങളില്‍ തുടരുകയാണ്. ചെറുതോണിയില്‍ വന്‍ നാശമാണുണ്ടായത്. കട്ടപ്പന റോഡ് 500 മീറ്റര്‍ ഒലിച്ചുപോയി. ചെറുതോണി ബസ് സ്റ്റാന്‍ഡ് ഇല്ലാതായി. പാലത്തിനിരുവശത്തും റോഡ് തകര്‍ന്നു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരില്‍ മിക്ക പ്രദേശങ്ങളിലും വെള്ളമിറങ്ങി. ഓഗസ്റ്റ് 13 മുതൽ കേരളം നേരിട്ട ദുരിതത്തിന്റെ വാർത്തകളും ചിത്രങ്ങളും വിഡിയോകളും ശബ്ദ വിവരണങ്ങളും ചുവടെ...