Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലോകപൊലീസി’നെ വെല്ലുവിളിച്ച്, ബുദ്ധനെ വീണ്ടും ചിരിപ്പിച്ച പ്രധാനമന്ത്രി

vajpayee-kalam പ്രധാനമന്ത്രിയായിരിക്കെ അടൽ ബിഹാരി വാജ്പേയി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനും ഡോ. ആർ. ചിദംബരത്തിനും ഒപ്പം. 1998 ലെ ചിത്രം.

ലോകപൊലീസായ അമേരിക്കയ്ക്ക് ഇന്നും പിടികിട്ടാത്ത ഒരു കാര്യമുണ്ട്, 1998 മേയ് 11ന് അവരറിയാതെ ഇന്ത്യ പൊഖ്റാനിൽ എങ്ങനെ അണു പരീക്ഷണം നടത്തിയെന്ന്. അന്യരാജ്യങ്ങളുടെ നീക്കങ്ങളറിയാൻ ഉപഗ്രഹങ്ങൾ തൊടുത്തുവിടുന്ന യുഎസിനു പറ്റിയ ഏറ്റവും വലിയ പിഴവായിരുന്നു അത്. സിഐഎ മുൻ ഡയറക്ടർ ജോർജ് ടെനറ്റ് ഇക്കാര്യം പരസ്യമായി സമ്മതിക്കുകയും ചെയ്തപ്പോൾ അവർക്കു പറ്റിയ ആ വലിയ പിഴവിന്റെ ആഴമറിയാം. 

ഇതു മറക്കാനാകാത്ത പരാജയമാണെന്നാണ് ‘അറ്റ് ദ് സെന്റർ ഓഫ് ദ് സ്റ്റോം; മൈ ഇയേഴ്സ് അറ്റ് ദ് സിഐഎ’ എന്ന പുസ്തകത്തിൽ ടെനറ്റ് എഴുതിയത്. ‘ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആണവമോഹത്തെപ്പറ്റിയും അതിനുള്ള ശേഷിയെപ്പറ്റിയും ഇരുരാജ്യങ്ങളും അണ്വായുധശേഷി നേടിയാലുള്ള അപകടത്തെപ്പറ്റിയുമൊക്കെ യുഎസ് ഇന്റലിജൻസിന് നന്നായറിയാമായിരുന്നു. പക്ഷേ, അണുപരീക്ഷണം നടന്ന സമയം മാത്രം നേരത്തേ അറിയാനായില്ല. അതു ഞങ്ങളെ ശരിക്കും ഞെട്ടിച്ചു’ - ടെനറ്റ് പറഞ്ഞു.

ചിത്രങ്ങൾ കാണാം

ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായിരുന്നു 1998 മേയിൽ പൊഖ്റാനിൽ നടന്നത്. 1974ൽ ബുദ്ധപൂർണിമ ദിനത്തിൽ ‘ബുദ്ധന്റെ ചിരി’ എന്ന കോഡ് പേരു നൽകി നടത്തിയതായിരുന്നു ആദ്യ അണുപരീക്ഷണം. 24 വർഷത്തിനു ശേഷം മറ്റൊരു ബുദ്ധപൂർണിമയിലാണ് രണ്ടാം അണുപരീക്ഷണവും നടത്തിയത്. അതിനെ വിശേഷിപ്പിച്ചത് ‘ബുദ്ധൻ വീണ്ടും ചിരിക്കുന്നു’ എന്നും. പ്രധാനമന്ത്രിപദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിലാണ് പൊഖ്റാൻ അണുസ്ഫോടന പരീക്ഷണം നടത്താൻ വാജ്പേയി തീരുമാനമെടുത്തത്. അദേഹത്തിന്റെ ഈ തീരുമാനത്തെ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഡിആർഡിഒ മേധാവിയായിരുന്ന കലാമാണ് പൊഖ്റാൻ-രണ്ട് ആണവ പരീക്ഷണ സ്ഫോടനങ്ങൾക്കു നേതൃത്വം നൽകിയത്. 

എന്നാൽ പൊഖ്റാനിൽ 1998ൽ നടത്തിയ ആണവ വിസ്ഫോടനത്തിന്റെ ശരിയായ ആസൂത്രകൻ പി.വി. നരസിംഹറാവുവായിരുന്നു എന്നു വാജ്പേയി പിന്നീട് വെളിപ്പെടുത്തിയതു രാജ്യാന്തര തലത്തിൽ ചർച്ചാവിഷയമായിരുന്നു. 1996ൽ നരസിംഹറാവു പ്രധാനമന്ത്രിപദം രാജിവച്ചു താൻ സ്ഥാനമേൽക്കുമ്പോൾ റാവു ആണവ വിസ്ഫോടനം സംബന്ധിച്ച മുഴുവൻ വിവരങ്ങളും അടങ്ങിയ ഒരു കുറിപ്പു തന്നു എന്നാണു വാജ്പേയി വെളിപ്പെടുത്തിയത്. 

പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു 1995 ഡിസംബറിൽ ആണവ വിസ്ഫോടനത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ, അവസാന നിമിഷം ഈ സ്ഫോടന പരീക്ഷണം റദ്ദാക്കി. എന്താണു റദ്ദാക്കാൻ കാരണമെന്നു റാവു ഒരിക്കലും വെളിപ്പെടുത്തിയില്ല. ആ രഹസ്യം എന്നോടൊപ്പം ചിതയിലേക്കു പോകും എന്നായിരുന്നു ഇതു സംബന്ധിച്ചു ചോദിച്ചവരോടെല്ലാം റാവു പറഞ്ഞത്. 1998 മേയ് 11നു വാജ്പേയി സർക്കാർ പൊഖ്റാനിൽ നടത്തിയ ആറു സ്ഫോടനങ്ങളിൽ ഒന്ന് 95 ൽ റാവുവിന്റെ പദ്ധതിയനുസരിച്ച് എത്തിച്ച ബോംബ് ഉപയോഗിച്ചായിരുന്നു. ഈ സത്യം വാജ്പേയിയുടെ നാവിൽ നിന്നുതന്നെയാണു പുറത്തുവന്നത്.