കൊച്ചി വ്യോമതാവളത്തിൽ സർവീസുമായി ജെറ്റ് എയർവേയ്സും ഇൻഡിഗോയും

കൊച്ചി ∙ പ്രളയദുരിതത്തിനിടെ അപൂർവ കാഴ്ചയൊരുക്കി കൊച്ചി വ്യോമ വിമാനത്താവളം. കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ വ്യോമ താവളത്തിൽ വീണ്ടും യാത്രാവിമാനമിറങ്ങി. എയർ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയൻസ് എയറിന്റെ 70 പേർക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആർ ആണ് രാവിലെ 7.30 നാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ വ്യോമ താവളത്തിലിറങ്ങിയത്. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടെ യാത്രാ വിമാനം ഇറങ്ങുന്നത്.

1999-ല്‍ നെടുമ്പാശേരി വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതു വരെ ഇവിടെനിന്നു യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ നേവൽ ബേസ് വിമാനത്താവളത്തിൽനിന്നു പൊതുജനങ്ങൾക്കായുള്ള സർവീസ് നടത്തിയത് 1999 ജൂൺ പത്തിന് ആയിരുന്നു. രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സർവീസുകൾ നടത്തും. ബെംഗളൂരുവിലേക്കു രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സർവീസുമാണു തുടക്കത്തിൽ ഉണ്ടാവുക. ദിവസം മൂന്നു സർവീസ്.

നെടുമ്പാശേരി വിമാനത്താവളം പ്രവർത്തിക്കാത്തതിനെ തുടർന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്നു സർവീസുകൾ നടത്തുന്നത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ സർവീസ് നിർത്തി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 70 സീറ്റുള്ള യാത്രാവിമാനങ്ങൾക്കു നാവികസേനാ താവളം ഉപയോഗിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകിയത്.

നാവികസേനയുടെ കൊച്ചി വ്യോമത്താവളത്തിൽ രാവിലെ 7.30 ന് ചെറു യാത്രാവിമാനം ഇറങ്ങിയപ്പോൾ. – ചിത്രം ഇ.വി.ശ്രീകുമാർ ∙ മനോരമ

എയർ ട്രാഫിക് കൺട്രോൾ, സുരക്ഷാ പരിശോധന, ബാഗേജ് പരിശോധന, ട്രോളികൾ, യാത്രക്കാരുടെ നിരീക്ഷണം തുടങ്ങിയവ നാവികസേനാ താവളത്തിൽ സജ്ജമാക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിഐഎസ്എഫ്, എയർ ഇന്ത്യ എന്നിവ ചേർന്ന് ഈ ദൗത്യങ്ങൾ നിർവഹിക്കും. നേവൽ എയർ സ്റ്റേഷനായ ഗരുഡയാണു സംവിധാനങ്ങൾ ഒരുക്കുന്നത്.

വിമാനത്തിന്റെ സമയക്രമം

∙ ബെംഗളൂരുവിൽനിന്നു രാവിലെ ആറിനു പുറപ്പെടും. 7.20നു കൊച്ചിയിൽ.
∙ കൊച്ചിയിൽനിന്ന് 8.10നു പുറപ്പെടും. 9.30നു ബെംഗളൂരുവിൽ.
∙ ബെംഗളൂരുവിൽനിന്നു 10നു പുറപ്പെടും. 11.20നു കൊച്ചിയിൽ.
∙ കൊച്ചിയിൽനിന്ന് ഉച്ചയ്ക്കു 12.10നു പുറപ്പെടും. 1.30നു ബെംഗളൂരുവിൽ.
∙ ബെംഗളൂരുവിൽനിന്നു 2.10നു പുറപ്പെടും. 3.10നു കോയമ്പത്തൂരിൽ.
∙ കോയമ്പത്തൂരിൽനിന്നു 3.40നു പുറപ്പെടും. 4.25നു കൊച്ചിയിൽ.
∙ കൊച്ചിയിൽനിന്നു വൈകിട്ട് 5.15നു പുറപ്പെടും. ആറിനു കോയമ്പത്തൂരിൽ.
∙ കോയമ്പത്തൂരിൽനിന്ന് 6.30നു പുറപ്പെടും. 7.30നു കൊച്ചിയിൽ.

സർവീസുമായി ജെറ്റ് എയർവേയ്സും

നെടുമ്പാശേരിയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്നു ജെറ്റ് എയർവേയ്സ് വിമാനങ്ങൾ 26 വരെ തിരുവനന്തപുരത്തേക്ക് അധിക സർവീസ് നടത്തും. ദിവസവും മുംബൈ - തിരുവനന്തപുരം - മുംബൈ, ബെംഗളൂരു - തിരുവനന്തപുരം - ബെംഗളൂരു സെക്ടറിൽ ഓരോ സർവീസുണ്ടാകും. 26 വരെ കൊച്ചിയിലേക്കും പുറത്തേക്കും യാത്ര നിശ്ചയിച്ചിരുന്ന, ഉറപ്പാക്കിയ ടിക്കറ്റുള്ളവർക്കു യാത്രാ തീയതി മുതൽ പത്തുദിവസം വരെ തീയതി മാറ്റാം. കൂടുതൽ വിവരങ്ങൾക്ക്: ജെറ്റ് എയർവേയ്സിന്റെ വെബ് സൈറ്റ്, മൊബൈൽ ആപ്, ടെലിഫോൺ: +91 (സിറ്റി കോഡ്) 39893333.


സർവീസുമായി ഇൻഡിഗോയും

ഓഗസ്റ്റ് 21 മുതൽ 26 വരെ കൊച്ചി വ്യോമ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനങ്ങളുടെ സമയക്രമം: കൊച്ചി–ചെന്നൈ ( ഉച്ചയ്ക്ക് 12:15– 1:35), ചെന്നൈ– കൊച്ചി ( ഉച്ചയ്ക്ക് 1:55– 3:15), ബെംഗളൂരു– കൊച്ചി ( രാവിലെ 5:00- 6:20), ബെംഗളൂരു– കൊച്ചി (രാവിലെ 9:35- 11:15), കൊച്ചി– ബെംഗളൂരു (രാവിലെ 7:20- 9:00), കൊച്ചി– ബെംഗളൂരു (വൈകിട്ട് 4:15- 5:35).