രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ട വേണ്ട: കോൺഗ്രസിന്റെ ഹർജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ നോട്ട അനുവദിക്കേണ്ടതില്ലെന്നു സുപ്രീംകോടതി. നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ വ്യക്തിഗത സമ്മതിദായകർക്ക് ഉപയോഗിക്കാവുന്ന അധികാരമാണു നോട്ടയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറുകളിൽ നോട്ട ഉൾപ്പെടുത്താൻ അധികാരം നൽകിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് കോടതി റദ്ദാക്കി. ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്ന സൈലേഷ് മനുഭായ് പർമാർ നല്‍കിയ ഹർജിയിലാണു കോടതി ഉത്തരവ്.

നോട്ടയ്ക്കുള്ള സംവിധാനം ഒരുക്കുക വഴി വോട്ട് ചെയ്യാതിരിക്കലിനെ പ്രോത്സാഹിപ്പിക്കുകയാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നതെന്നു കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ട സംവിധാനം ഏർപ്പെടുത്തിയാൽ അതു കുതിരക്കച്ചവടത്തിനും അഴിമതിക്കും വഴിതെളിയിക്കുമെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.