ലോകം സ്നേഹത്താല്‍ നമ്മെ വീര്‍പ്പുമുട്ടിക്കുന്നു; നാം അതിജീവിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ ക്യാംപിൽ എത്തിയപ്പോൾ (ഫയൽ ചിത്രം).

തിരുവനന്തപുരം ∙ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ ഒറ്റയ്ക്കാവില്ലെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിതർ തകർന്നു പോകരുത്. അതിജീവിക്കാനുളള കരുത്തുള്ളവരായി മാറണം. ഇതിനു സർക്കാർ ഒപ്പമുണ്ടാകും. ദുരന്തങ്ങൾക്ക് നേരെ കണ്ണടയ്ക്കാനല്ല, കൈപിടിച്ചുയർത്താനാണു സർ‌ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്:

ദുരന്തത്തെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് നമ്മുടെ സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. ജനങ്ങളെ താമസസ്ഥലത്തേക്ക് എത്തിക്കുന്നതിനായി കേരളം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ബഹുജനങ്ങളുമെല്ലാം അത്തരം പ്രവര്‍ത്തനങ്ങളിൽ മുഴുകിനില്‍ക്കുകയാണ്. ഈ ഐക്യവും യോജിപ്പും നിലനിര്‍ത്തി മുന്നേറുന്നതിനുള്ള നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന് എല്ലാവിധത്തിലുമുള്ള പിന്തുണ ജനങ്ങളില്‍നിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

സര്‍വകക്ഷിയോഗം

ഇത്തരം യോജിപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതും ഇതിന്‍റെ ഭാഗമാണ്. സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ചില നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയാണു യോഗത്തിലുണ്ടായത്. ഈ പിന്തുണയെ സര്‍ക്കാര്‍ വിലമതിക്കുന്നു. ദുരിതാശ്വാസ ക്യാംപുകൾ ജനങ്ങളെ യോജിപ്പിച്ചു നിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന ഒന്നാവണമെന്ന് പൊതുവില്‍ അഭിപ്രായം ഉയര്‍ന്നു. കക്ഷിരാഷ്ട്രീയത്തിലതീതമായി ക്യാംപുകളുടെ പ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ സര്‍വകക്ഷിയോഗം ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്.

സൈനികര്‍ക്ക് സ്വീകരണം

ദുരന്തം മറികടക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങുന്ന വിവിധ സേനാവിഭാഗങ്ങളുടെ സേവനം വിലമതിക്കാനാകാത്ത ഒന്നായാണ് സര്‍ക്കാര്‍ കാണുന്നത്. സേനകള്‍ ജനകീയമായ സേനയായി മാറുന്ന അനുഭവങ്ങളാണല്ലോ ഈ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഉണ്ടായത്. അവരുടെ മനുഷ്യസ്നേഹത്തിന്‍റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ കേരളജനത നേരിട്ടു കണ്ടതാണ്.

മനുഷ്യസാധ്യമായ എല്ലാ ശേഷികളും ഉപയോഗിച്ചുകൊണ്ട് ഇവര്‍ നടത്തിയ സേവനത്തിന് കേരളത്തിന്‍റെ നന്ദിയും സ്നേഹവായ്പും പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനായി 26ന് വൈകിട്ട് മാസ്ക്കറ്റ് ഹോട്ടലില്‍ സേനാവിഭാഗങ്ങള്‍ക്ക് കേരളത്തിന്‍റെ ഹൃദയത്തില്‍നിന്നുള്ള അഭിവാദ്യങ്ങളായി യാത്രയയപ്പ് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ആരേയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല. ഇത് കാണിക്കുന്നത് ആദ്യഘട്ടത്തിന്‍റെ വിജയകരമായ പൂര്‍ത്തീകരണമാണ്. ക്യാംപുകളില്‍ ചെറിയ അസൗകര്യങ്ങള്‍ പോലും പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചുമതലപ്പെട്ടവരുടെ നേതൃത്വത്തില്‍ ജനങ്ങളുടെയാകെ സഹായം നേടിക്കൊണ്ട് അവ മുന്നോട്ടുനീങ്ങുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 3527 ക്യാംപുകളാണു നിലനില്‍ക്കുന്നത്. 2,37,991 കുടുംബങ്ങളില്‍ നിന്നായി 13,43,447 അംഗങ്ങളാണ് ക്യാംപുകളിലുള്ളത്.

ക്യാംപുകളില്‍ ഭക്ഷണവും മരുന്നും പ്രാഥമിക സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികള്‍ നല്ല നിലയില്‍ പുരോഗമിച്ചുവരികയാണ്. യുവാക്കളും യുവതികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഇവരെ പ്രാദേശികമായി വിന്യസിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും ആരോഗ്യപ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനവും സജീവമായിത്തന്നെ പ്രവര്‍ത്തനരംഗത്തുണ്ട്. ഇത്തരത്തില്‍ കൂട്ടായ്മയുടേയും മനുഷ്യസ്നേഹത്തിന്‍റെയും കാഴ്ചപ്പാടുകളില്‍ അടിയുറച്ചുനിന്നുകൊണ്ട് ദുരിതബാധിത പ്രദേശങ്ങളില്‍ ഇടപെടുന്ന സ്ഥിതിയാണുള്ളത്. ഈ കൂട്ടായ്മ പ്രതിസന്ധികളെ മറികടക്കാനാകുമെന്ന ആത്മവിശ്വാസം നാട്ടിലാകമാനം ഉണ്ടായിക്കഴിഞ്ഞു.

രക്ഷാദൗത്യത്തില്‍ സജീവമായി പങ്കെടുത്ത് വീടുകളിലേക്ക് മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുണ്ട്. ഇത്തരം ദൗത്യത്തിലേര്‍പ്പെടുമ്പോള്‍ പലവിധത്തിലുള്ള ജലജന്യരോഗങ്ങള്‍ വരുന്നതിനുള്ള നേരിയ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അതു സംബന്ധിച്ച വൈദ്യപരിശോധനയ്ക്ക് വിധേയമാകുന്നതിനും ശ്രദ്ധിക്കണം.

ആത്മവിശ്വാസത്തോടെ നില്‍ക്കുക

വീടുകളിലേക്ക് മടങ്ങിചെല്ലുമ്പോള്‍, ചോര നീരാക്കി അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നുപോയ കാഴ്ചയാണ് പലയിടത്തുമുള്ളത്. ഇത്തരം ദുരിത കാഴ്ചകളില്‍ തളര്‍ന്നുപോകരുത്. അവയെല്ലാം പുനര്‍നിര്‍മിക്കാന്‍ നമുക്ക് സാധിക്കും. ദുരിതങ്ങളില്‍ തളര്‍ന്നുപോവുകയല്ല, അതിനെ അതിജീവിക്കാന്‍ കരുത്തുള്ളവരായി നാം മാറുകയാണു വേണ്ടത്.

അതിനായുള്ള പാക്കേജുകള്‍ രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ദുരിതങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനല്ല, അതില്‍നിന്ന് അവരെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരുണ്ടാകും. ഏതു പ്രതിസന്ധിയേയും അതിജീവിച്ചുതന്നെ നാം മുന്നേറും. ചരിത്രത്തിന്‍റെ താളുകളില്‍ കേരളത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ചരിതമായി ഇത് മാറുകതന്നെ ചെയ്യും.

ഇതുവരെയുള്ള സഹായങ്ങൾ

നമ്മുടെ ഈ പ്രയാസകരമായ അവസ്ഥയെ ജനങ്ങളുടെ കൂട്ടായ്മയുടെയും സഹായങ്ങളുടെയും അടിസ്ഥാനത്തില്‍ നാം അതിജീവിക്കുകതന്നെ ചെയ്യും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായസന്നദ്ധരായി നില്‍ക്കുന്ന ജനത നമുക്ക് തണല്‍ തന്നെയാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നമുക്ക് സഹായഹസ്തവുമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. 146 കോടി ഇതിനകം തന്നെ ഈ വകയില്‍ നമുക്ക് ലഭിച്ചു. ഇതിനു പുറമെ, ഛത്തീസ്ഗഡ്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭാവന ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അവിസ്മരണീയ സംഭവങ്ങള്‍

മനുഷ്യസ്നേഹത്തിന്‍റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ വിരിയുന്ന നിരവധി സംഭവങ്ങള്‍ ഇതിനിടയില്‍ തെളിഞ്ഞുവന്നിട്ടുണ്ട്. ഞങ്ങളുടെ ഭൂമി തന്നെ സംഭാവന ചെയ്യാമെന്നു പറഞ്ഞ കൊച്ചുകുട്ടികള്‍, സ്വന്തമായി ഒരു സൈക്കിള്‍ എന്ന സ്വപ്നത്തിനായി ഒരുക്കുകൂട്ടിയ തുക ദുരിതാശ്വാസത്തിനായി നീക്കിവച്ച പുതിയ തലമുറയെ എന്നിവരെയും നാം കാണുകുണ്ടായി. സമ്പാദ്യപ്പെട്ടി മുഴുവന്‍ നീക്കിവച്ച് തങ്ങളുടെ വിശാലമനസ്സ് ലോകത്തിനു മുമ്പില്‍ തുറന്നുവച്ച കുട്ടികളും നിരവധിയാണ്. സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കിയവരുമുണ്ട്.

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവരവര്‍ക്ക് തന്നാലായത് എന്ന നിലയില്‍ സഹായഹസ്തവുമായി മുന്നോട്ടുവരികയാണ്. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഭാവനകള്‍ നമുക്ക് തണലാവുകയാണ്. ഗൃഹപ്രവേശനത്തിനും വിവാഹസല്‍ക്കാരത്തിനും തുടങ്ങി ജീവിതത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കുമായി നീക്കിവച്ച തുക സംഭാവന ചെയ്തവരും സാഹോദര്യ സ്നേഹത്തിന്‍റെ പുതിയ പാഠങ്ങളാണ് നമുക്കു മുമ്പില്‍ അവതരിപ്പിച്ചത്.

കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, വ്യവസായികള്‍, വിവിധ തരത്തിലുള്ള സംരംഭങ്ങള്‍ നടത്തുന്നവര്‍, ഐടി കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പല കാരണങ്ങളാല്‍ നമ്മുടെ നാടുവിട്ട് പുറത്തുപോയി ജീവിക്കേണ്ടിവന്നവര്‍, അങ്ങനെ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ കേരളജനതയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ്.

ബുധനാഴ്ച നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞത് ഈ വിജയം കേരളത്തിലെ ദുരിതബാധിതര്‍ക്കായി സമര്‍പ്പിക്കുന്നു എന്നാണ്. ഇംഗ്ലണ്ടിലെ വിജയത്തിന്‍റെ ഘട്ടത്തിലും കേരളീയരെ ഓര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സര്‍ക്കാരിനുവേണ്ടി അഭിവാദ്യം ചെയ്യുന്നു. ലോകം സ്നേഹത്താല്‍ നമ്മെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ ആ സ്നേഹം യോജിപ്പോടെ നിന്ന് നമുക്ക് ഏറ്റുവാങ്ങാനാവണം. അത്തരം സ്നേഹമുണ്ടെങ്കില്‍, സമര്‍പ്പണമുണ്ടെങ്കില്‍ നാം ഇതിനെ അതിജീവിക്കുകതന്നെ ചെയ്യും.

ദുരിതാശ്വാസപ്രവര്‍ത്തനം സംസ്കാരം

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ സ്നേഹസാഗരത്തില്‍ അണിചേരാതെ മാറിനില്‍ക്കാനാവില്ല എന്ന ഉന്നതമായ സന്ദേശം സംസ്ഥാനത്താകെ ഉയര്‍ന്നുവന്നിട്ടുണ്ട്. അതൊരു സംസ്കാരമായിത്തന്നെ പടരുകയാണ്. ഇതു തന്നെയാണ് നമ്മുടെ അതിജീവനത്തിന്‍റെ കരുത്ത്. അതോടൊപ്പം, വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും കയ്യയച്ച് നമ്മെ രക്ഷപ്പെടുത്താന്‍ തയാറായിവരികയാണ്. വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകളുമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 318 കോടി രൂപ നമുക്ക് ഇതില്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ പുറമെയും.

അതിനിടയില്‍ 700 കോടി രൂപ യുഎഇയില്‍നിന്നും നമുക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ സംഖ്യ പ്രഖ്യാപിച്ച ഉടനെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ട്വിറ്ററില്‍ ഇതിനെ സ്വാഗതം ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുക സ്വാഭാവികമാണ്. അത് ലോകത്തെമ്പാടും നടക്കുന്നതുമാണ്. 2016 മേയിൽ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ദുരന്തനിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, യുഎഇ സഹായവുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങള്‍ ഉയര്‍ന്നുവന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വന്നുചേരുന്ന തടസ്സങ്ങള്‍ ഔദ്യോഗിക തലത്തില്‍തന്നെ ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങളെ സര്‍ക്കാര്‍ സര്‍വമനസ്സാ സ്വാഗതം ചെയ്യുന്നു. അത്തരം സഹായങ്ങളെ പ്രോത്സാഹിപ്പിക്കാനും നേടിയെടുക്കാനുമുള്ള നടപടികളാണ് നാടിനെ സ്നേഹിക്കുന്ന എല്ലാവരിലും ഉണ്ടാകേണ്ടത് എന്നതും ഈ അവസരത്തില്‍ ഓര്‍മിപ്പിക്കട്ടെ.

ഒന്നായി നില്‍ക്കുക, അതിജീവനത്തിനായി

ജനങ്ങള്‍ ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണ് ഇത്. ആ സാഹചര്യത്തില്‍ അതില്‍ വിള്ളല്‍ വീഴ്ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെ പുരോഗതിക്ക് ഗുണപരമല്ല എന്ന കാര്യവും ഓര്‍മിപ്പിക്കട്ടെ. നാം ദുരിതത്തിലകപ്പെട്ട ജനതയാണ്. ആ ജനതയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ദുരിതങ്ങളെ പരിഹരിക്കാനുള്ള കൈത്താങ്ങ് നല്‍കുകയുമാണു വേണ്ടത്. നാട് ആവശ്യപ്പെടുന്നത് അതാണ്. അതിലുറച്ചുനിന്നുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ എല്ലാവിധ സഹായവും അഭ്യര്‍ഥിക്കുന്നു.