മഴയിൽ കളിക്കാൻ, നനയാൻ ഏറെ ഇഷ്ടമായിരുന്നു മീനുക്കുട്ടിക്ക്; ഏതു മലയാളിക്കുട്ടികളെയും പോലെ. മഴ പാദസരം കിലുക്കിയെത്തിയപ്പോൾ കാലവർഷത്തിന്റെ കുസൃതിയാണെന്നാണു മീനുക്കുട്ടിയെപ്പോലെ നമ്മളും കരുതിയത്. തോരാതെ നിന്നുപെയ്ത്, മണ്ണിനെ കുതിർത്ത്, പാടത്തും പറമ്പിലും മുറ്റത്തും മഴവെള്ളം നിറഞ്ഞപ്പോൾ ആ കുഞ്ഞുമനസ്സ് പേടിച്ചു. മഴ പേമാരിയായി. കാലവർഷം കലിപൂണ്ട് പ്രളയമായി. ആ പ്രളയക്കടലിൽ കേരളം ചിതറി, വിറച്ചു. പക്ഷെ നമ്മൾ തളർന്നില്ല. മീനുക്കുട്ടിയെപ്പോലെ ആയിരമായിരം കുട്ടികൾക്കായി കേരളം കൈകോർത്തു. ഇപ്പോൾ നാം പ്രളയത്തിന്റെ മറുകരയിൽ എത്തി. നമ്മെത്തേടി കരകാണാ ജലാശയത്തിലേക്ക് എടുത്തു ചാടിയ രക്ഷാപ്രവർത്തകർ ഏറെയുണ്ട്. സ്വപ്നങ്ങളെ പ്രളയം വിഴുങ്ങിയ കാഴ്ചയ്ക്കു മുന്നിൽ കണ്ണീരോടെ നിൽക്കുന്നവരും ഏറെ. ചേർത്തുപിടിച്ചവരെ ഓർക്കണം, നഷ്ടങ്ങളെ മറന്ന് മുന്നേറണം. മീനുക്കുട്ടിമാരുടെ പേടി മാറണം. നമുക്ക് ഇനിയും ജീവിക്കണം.