തിരുവനന്തപുരം ∙ പ്രളയ സമയത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ. രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന. രാജുവിന്റെ നടപടി തെറ്റായിരുന്നുവെന്നു സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് വിലയിരുത്തി. ഔദ്യോഗിക പരിപാടിയ്ക്കല്ലാതെ സിപിഐയുടെ ഒരു മന്ത്രിയും വിദേശത്തേക്കു പോകേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാജു വിദേശത്തേക്കു പോയ വിവരം അറിഞ്ഞയുടന്‍ അദ്ദേഹത്തോടു തിരികെ വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി വാങ്ങിയിരുന്നു. പാര്‍ട്ടിയുടെ അനുമതി വാങ്ങിയത് ഒരു മാസം മുന്‍പാണ്. അതിനു ശേഷമാണ് പെട്ടെന്നു പ്രളയം ഉണ്ടായത്. ആ സമയത്ത് പരിപാടിയില്‍ പങ്കെടുക്കണമോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണമായിരുന്നു. ആ ഔചിത്യം അദ്ദേഹം കാണിച്ചില്ല. രാജുവിനോടു പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. ആ വിശദീകരണം എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു നടപടി തെറ്റാണെന്നു വിലയിരുത്തി- കാനം പറഞ്ഞു.