താറാവു നീന്തുമ്പോൾ ജലത്തിലെ ഓക്സിജൻ കൂടും; വീണ്ടും ബിപ്ലബ് കുമാർ ദേബ്

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

അഗർത്തല∙ താറാവുകളെ നീന്താൻ വിടുന്നതിലൂടെ ജലാശയങ്ങളിലെ ഓക്സിജന്റെ അളവു കൂട്ടാൻ സാധിക്കുമെന്ന കണ്ടെത്തലുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ താറാവുകളെ വിതരണം ചെയ്യുമെന്നും ഇതു ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉയർച്ചയ്ക്കു ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രുദ്രസാഗറിൽ ബോട്ട് റേസ് പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലാണു ബിപ്ലബ് കുമാർ ദേബിന്റെ പുതിയ വിവാദ പരാമർശം. തടാകത്തിനരികിൽ താമസിക്കുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് 50,000 താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ ആലോചിക്കുന്നതായും ബിപ്ലബ് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതു നടപ്പാക്കും. താറാവുകൾ വെള്ളത്തിലൂടെ നീന്തുമ്പോൾ ജലാശയത്തിലെ ഓക്സിജന്റെ അളവ് കൂടും. വെള്ളത്തിലെ മീനുകൾക്കു കൂടുതൽ ഓക്സിജൻ കിട്ടും. പക്ഷികൾ കാഷ്ഠിക്കുന്നതു മീൻ വളര്‍ത്തുന്നതിനും ഗുണകരമാകും– ബിപ്ലബ് കുമാർ വ്യക്തമാക്കി.

യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തതാണു ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നു ത്രിപുര വിഗ്യാൻ‌ മഞ്ച ഭാരവാഹി മിഹിർ ലാൽ റോയ് ആരോപിച്ചു. ജീവികളെ വളര്‍ത്തുന്നത് അവയുടെ ഉൽപ്പാദനം കൂട്ടാൻ സഹായിക്കും. അല്ലാതെ ഓക്സിജന്റെ അളവു കൂട്ടുമെന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണ്– റോയ് പറഞ്ഞു. ശാസ്ത്രപുരോഗതിക്കുവേണ്ടി ത്രിപുരയിൽ പ്രവർത്തിക്കുന്ന സംഘടനയാണു ത്രിപുര വിഗ്യാൻ മഞ്ച. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം വിസമ്മതിച്ചു. കുറച്ചു താറാവുകൾ നീന്തുമ്പോൾ രുദ്രസാഗർ പോലുള്ള തടാകങ്ങളിൽ എങ്ങനെ ഓക്സിജനുണ്ടാകുമെന്ന് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിജൻ ധർ വ്യക്തമാക്കി.