ന്യൂയോർക്ക്∙ 2017 ൽ വീശിയടിച്ച മരിയ ചുഴലിക്കാറ്റിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്കു പുതുക്കി പോർട്ടറീക്കോ. 2,975 ആളുകളുടെ ജീവനാണ് മരിയ ചുഴലിക്കാറ്റ് കവർന്നതെന്നാണ് പുതിയ കണക്ക്. 64 പേർ മരിച്ചെന്നായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. ജോർജ് വാഷിങ്ടൻ സർവകലാശാലയിലെ വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണ സംഖ്യ ഔദ്യോഗികമായി തിരുത്താൻ തീരുമാനമായത്. കേവലം ഒരു അനുമാനം മാത്രമാണിതെങ്കിലും ശാസ്ത്രീയ അടിത്തറയുള്ളതാണെന്നും മരണസംഖ്യ 2,975 എന്നു തിരുത്താൻ ഉത്തരവു നൽകിയതായും ഗവർണർ റിക്കാർഡോ റൊസെല്ലോ വ്യക്തമാക്കി.
90 വർഷത്തിനിടെ പോർട്ടറീക്കോ കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റിലെ മരണസംഖ്യ കണക്കു കൂട്ടിയതിൽ ഭരണകൂടത്തിനു വലിയ തെറ്റുപറ്റിയതായുള്ള ആരോപണം ശക്തമായിരുന്നു. ഔദ്യോഗിക മരണസംഖ്യയായ 64 വളരെ കുറവാണെന്നും യഥാർഥ ചിത്രം ഇതിനേക്കാൾ ഭീകരമാകാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ തന്നെ സമ്മതിച്ചതുമാണ്. ഇതേതുടർന്നാണ് വിശദമായ പഠനത്തിന് ഒരു സംഘത്തെ നിയമിക്കാൻ തീരുമാനമായത്. കെട്ടിടങ്ങൾ തകർന്നും മുങ്ങിയും മരണമടഞ്ഞവരുടെ സംഖ്യ മാത്രമാണ് ആദ്യ കണക്കുകളിൽ ഉണ്ടായിരുന്നത്. വൈദ്യുതി, ശുദ്ധജലം, ആരോഗ്യ പരിപാലനം തുടങ്ങിയവയുടെ അപര്യാപ്തത മൂലം മരണമടഞ്ഞവർ ഈ പട്ടികയിൽ ഉണ്ടായിരുന്നില്ല. പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണങ്ങൾ ശരിയായ രീതിയിൽ നിർണയിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ലെന്ന പഠന സംഘത്തിന്‍റെ റിപ്പോർട്ടിലെ കണ്ടെത്തൽ വലിയ അളവോളം ശരിയാണെന്നു ഗവർണർ പ്രതികരിച്ചു.
2017 സെപ്റ്റംബർ 17 മുതൽ 2018 ഫെബ്രുവരി പകുതി വരെ നൽകിയ മരണ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും കണക്കിലെടുത്താണ് പഠന സംഘം ഇപ്പോഴത്തെ കണക്കുകളിലെത്തിയിട്ടുള്ളത്. യഥാർഥ മരണ സംഖ്യ ഇതിലും കൂടുതലാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. 84 ദിവസം വൈദ്യുതിയും 64 ദിവസം ശുദ്ധജലവും 41 ദിവസം ഫോൺ ബന്ധവും ഇല്ലാതെയാണ് ചുഴലിക്കാറ്റ് സമയത്ത് പോർട്ടറീക്കോയിലെ ജനത കഴിഞ്ഞിരുന്നത്. പുനർ നിർമാണത്തിനും പുനരധിവാസത്തിനും യുഎസ് കോൺഗ്രസിൽ നിന്നു കൂടുതൽ സഹായം തേടാൻ മരണസംഖ്യ സംബന്ധിച്ച പുതിയ കണക്കുകൾ സഹായിക്കും. 13900 കോടി ഡോളർ സഹായമാണ് പോർട്ടറീക്കോ ആവശ്യപ്പെട്ടിട്ടുള്ളത്.
ഒക്ടോബറിൽ പോർട്ടറീക്കോ സന്ദർശിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മരണസംഖ്യ കുറഞ്ഞതിൽ അധികൃതർക്ക് അഭിമാനിക്കാം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുകൾ മാത്രം പരിഗണിച്ചായിരുന്നു പ്രസിഡന്‍റിന്‍റെ നിരീക്ഷണം. ചുഴലി നാശം വിതച്ച് ആഴ്ചകള്‍ക്കു ശേഷം പ്രാദേശിക ഭരണകൂടത്തെ പുകഴ്ത്തി രംഗത്തു വന്ന ട്രംപിന്‍റെ നടപടിയും ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ചുഴലിക്കാറ്റുകൾ നാശം വിതച്ച ടെക്സസിലെയും ഫ്ലോറിഡയിലെയും ജനതയോടു പ്രസിഡന്‍റ് കൂടുതൽ മമത കാട്ടുന്നുവെന്നായിരുന്നു ആരോപണം.