ന്യൂഡൽഹി∙ രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 16 പൈസ കൂടി ലീറ്ററിന് 79.31 രൂപയിലെത്തി. ഡീസലിനു 19 പൈസ കൂടി വില 71.34ൽ എത്തി. ഓഗസ്റ്റ് 16 മുതൽ ഇതുവരെ പെട്രോൾ വിലയിൽ മാത്രം രണ്ടു രൂപയിലേറെ വർധനവാണുണ്ടായിരിക്കുന്നത്. ഡീസലിനാകട്ടെ ഇക്കാലയളവിൽ ലീറ്ററിനു 2.42 രൂപയും വർധിച്ചു.
സെപ്റ്റംബർ മൂന്നിനു മുംബൈയിൽ ഒരു ലീറ്റർ പെട്രോളിനു 86.56 രൂപയായിരുന്നു വില. ഇന്ന് അത് 86.72 രൂപയിലെത്തി. റെക്കോർഡ് കുതിപ്പാണിത്. ഡീസലിന് ഇന്നലെ ലീറ്ററിന് 75.54 രൂപ ആയിരുന്നു വില. ഇന്നത് 75.74ൽ എത്തി. കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി), സബ്സിഡിരഹിത എൽപിജി, പൈപ്പ്ഡ് നാച്വറൽ ഗ്യാസ്(പിഎൻജി) എന്നിവയ്ക്കും കുത്തനെ വില വർധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിലിനു വില വർധിച്ചതാണു വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. രാജ്യത്തെ വർധിച്ച എക്സൈസ് തീരുവയ്ക്കു നേരെയും വിലക്കയറ്റത്തിന്റെ കാരണമായി ചൂണ്ടുവിരൽ നീളുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിലിനു സെപ്റ്റംബർ മൂന്നിനു രാജ്യാന്തര വിപണിയിൽ ബാരലിന് 78.24 ഡോളറായിരുന്നു വില. രൂപയുടെ മൂല്യം അടുത്തിടെ ഇടിഞ്ഞതിനെത്തുടർന്ന് ഇറക്കുമതിച്ചെലവു കൂടിയതും പെട്രോൾ – ഡീസൽ വിലവർധനയ്ക്കു കാരണമായി പറയുന്നു.
വിലവർധനയ്ക്കു പിന്നിൽ ഓരോ സംസ്ഥാനവും ചുമത്തുന്ന അധികനികുതിയാണെന്ന കേന്ദ്രത്തിന്റെ ആരോപണം തെറ്റാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു. മാത്രവുമല്ല, 19 സംസ്ഥാനങ്ങൾ ഭരിക്കുന്നതു ബിജെപിയാണ്. ഈ സാഹചര്യത്തിൽ പെട്രോൾ – ഡീസൽ വില ജിഎസ്ടിയ്ക്കു കീഴിലാക്കുന്നതു സംബന്ധിച്ചു കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച തീരുമാനമെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
വിലക്കയറ്റം താൽക്കാലികം മാത്രമാണെന്നും ബാഹ്യഘടകങ്ങളാണു വർധനയ്ക്ക് ഇടയാക്കിയതെന്നുമാണു പെട്രോളിയം വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാദം. ക്രൂഡ് ഓയിൽ വില മുൻകാലത്തേക്കാൾ കുറഞ്ഞ നിരക്കിലായിട്ടും പെട്രോൾ–ഡീസൽ വില കുറയാത്തതിലാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. മൻമോഹൻ സിങ്ങിന്റെ ഭരണ കാലത്തും നിലവിലെ നരേന്ദ്ര മോദി ഭരണത്തിലും ക്രൂഡ് ഓയിൽ വിലയും രാജ്യത്തെ പെട്രോൾ–ഡീസൽ വിലയും തമ്മിലുമുള്ള അന്തരം എങ്ങനെയാണ്?
തിരിച്ചടിച്ച് ഉപരോധവും
യുഎസ് ഉപരോധം ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതിയെ തടസ്സപ്പെടുത്തുമെന്ന ആശങ്കയ്ക്കിടെ രാജ്യാന്തര വിപണിയിൽ വീണ്ടും വിലക്കയറ്റം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.24 ഡോളറായി. സൗദി അടക്കമുള്ള മറ്റ് ഒപെക് രാജ്യങ്ങളിലെയും യുഎസിലെയും ഉൽപാദനം ഉയർന്നതിനാലാണു വിലയിൽ വൻ വർധന ഉണ്ടാകാത്തത്. യുഎസ് ഉപരോധ ഭീഷണിയെ തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി ഇടിഞ്ഞിരുന്നു. കഴിഞ്ഞ മാസം പ്രതിദിനം 1.50 ലക്ഷം ബാരലിന്റെ കുറവു കയറ്റുമതിയിലുണ്ടായി.
ഇറാനിൽനിന്ന് എണ്ണ വാങ്ങിയിരുന്ന രാജ്യങ്ങൾ മറ്റു ഉൽപാദകരെ ആശ്രയിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇതിനിടെ, എണ്ണ ടാങ്കറുകളും ഇൻഷുറൻസും ഇറാൻ ലഭ്യമാക്കുകയാണെങ്കിൽ അവിടെനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് ഇന്ത്യ അനുമതി നൽകി. ചൈനയും സമാന നിലപാട് എടുത്തതോടെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നവംബർ നാലിനു പ്രാബല്യത്തിൽ വന്നാലും ഇറാന്റെ എണ്ണ ഇറക്കുമതി വലിയ തടസമില്ലാതെ തുടരും. ഇത് ഇന്ത്യയുടെ എണ്ണ രംഗത്തിനു ഗുണകരമാകുമെന്നാണു വിലയിരുത്തൽ.
യുഎസ് എണ്ണ ഉൽപാദനം പ്രതിദിനം 1.10 കോടി ബാരലായി വർധിച്ചു. അതേസമയം, യുഎസ് – ചൈന വ്യാപാര തർക്കം പരിഹാരമില്ലാതെ തുടരുന്നത് എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.