തിരുവനന്തപുരം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി കാനഡയിൽ മുങ്ങിമരിച്ചു

ആനന്ദ് ബൈജു

ടൊറന്റോ (കാനഡ)∙ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) മുങ്ങിമരിച്ചു. സംസ്കാരം പിന്നീട് ടൊറന്റോയില്‍. പഠനത്തിന്റെ ഭാഗമായി ഹാലിബർട്ടനിലെ മിൻഡനിൽ ഗൾ തടാകത്തിനു സമീപം യൂണിവേഴ്സിറ്റിയുടെതന്നെ സർവേ ക്യാംപിൽ ചൊവ്വാഴ്ച രാവിലെയാണ് അൻപതിലേറെ വിദ്യാർഥികൾക്കൊപ്പം ആനന്ദ് എത്തിയത്.

അന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ദുരന്തം. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ആനന്ദിനെ തടാകക്കരയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടന്നുവരികയാണ്.  

തിരുവനന്തപുരം നിറമൺകര ശങ്കർ നഗറിൽ രാഗംവീട്ടിൽ ബൈജു നാരായണന്റെയും ശ്രീജ ബൈജുവിന്റെയും മകനാണ്. സഹോദരി: അശ്വതി (സ്കൂൾ വിദ്യാർഥി). എട്ടു വർഷത്തോളമായി ഇവർ കുടുംബമായി ടൊറന്റോയ്ക്കു സമീപം മാൾട്ടനിലാണു താമസം. ആനന്ദിന് നീന്തൽ അറിയില്ലായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. കഴുത്തറ്റം വെള്ളമുണ്ടായിരുന്ന ഭാഗത്ത് ഫ്ളോട്ടിങ് ഡെക്കിൽ പിടിച്ചുനിൽക്കുമ്പോൾ കൈ വഴുതിപ്പോയതാകാമെന്നാണു സഹപാഠികൾ പറയുന്നത്.

കോഴ്സിന്റെ ഭാഗമായി ഭൂമി സർവേ, ഭൂപ്രകൃതി തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾക്കായാണ് വിദ്യാർഥികൾ അവിടേക്കു പോയതെന്ന് സർവകലാശാല അറിയിപ്പിൽ പറയുന്നു. നീന്തൽ പഠനത്തിന്റെ ഭാഗമായിരുന്നില്ലാത്തതിനാൽ ലൈഫ് ഗാർഡിന്റെ സേവനം ലഭ്യമായിരുന്നില്ല. ഇതേസമയം, ആരും തടാകത്തിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പു നൽകിയിട്ടില്ലാത്തതിനാലും പരിശീലനത്തിനുശേഷം അവശ്യമെങ്കിൽ വിദ്യാർഥികൾക്കു നീന്തലിന് പോകാമെന്ന് അറിയിച്ചിരുന്നതിനാലും ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നില്ലേ എന്നാണ് ബന്ധുക്കളുടെ ചോദ്യം. ദുരന്തത്തെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ മറ്റു വിദ്യാർഥികൾ ടൊറന്റോയിലേക്കു മടങ്ങി. 

ടൊറന്റോയിൽനിന്ന് 200 കിലോമീറ്ററോളവും പീറ്റർബറോയിൽനിന്നു 100 കിലോമീറ്ററോളവും അകലെയാണ് മിൻഡൻ. ടൊറന്റോയിൽനിന്നു റോഡ് മാർഗം രണ്ടര മണിക്കൂറിലേറെ യാത്രയുണ്ട്. സിവിൽ, മിനറൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് സർവേ, പ്രൊജക്ട് മാനേജ്മെന്റ് ഉൾപ്പെടെയുള്ള പഠനങ്ങൾ നടത്തുന്നതിനായി നൂറോളം വർഷം മുമ്പാണ് 175 ഏക്കറോളം വരുന്ന സ്ഥലം ഇവിടെ സർവകലാശാല വാങ്ങിയത്. ആനന്ദിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ബന്ധുകൂടിയായ അനൂരൂപ് നായരുടെ നേതൃത്വത്തിൽ ഗോഫണ്ട്മീ മുഖേന ധനസമാഹരണം നടത്തുന്നുണ്ട്.