ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്ര സർക്കാരിനെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ആരോപണമുനയിൽ കോർത്ത് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യ വിടുന്നതിനു മുൻപ് 2016 ൽ അരുൺ ജയ്റ്റ്ലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നതു സംബന്ധിച്ചു ചർച്ച ചെയ്തിരുന്നുവെന്നും കഴിഞ്ഞദിവസമാണു മല്യ മാധ്യമങ്ങളോടു പറഞ്ഞത്.
മല്യയുടെ ആരോപണത്തിലെ വസ്തുതകള്‍ ശരിയാണെന്നു സ്ഥാപിക്കുന്ന തരത്തിൽ തുടർച്ചയായ ട്വീറ്റുകളിലൂടെയാണു സ്വാമിയുടെ പ്രതികരണം. നാടു വിടുമ്പോൾ മല്യ രാജ്യസഭാ എംപിയായിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരേ സിബിഐയുടെ ലുക്ക് ഒൗട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. പക്ഷേ, 2016 മാർച്ച് രണ്ടിനു ഡൽഹി വിമാനത്താവളത്തിൽ ജെറ്റ് എയർവേയ്സ് വിമാനത്തിൽ കയറാനെത്തിയ സമയത്ത് ഒരു തടസ്സവുമില്ലാതെ യാത്ര ചെയ്യാനായി.
ലുക്ക് ഒൗട്ട് നോട്ടിസുള്ള മല്യയ്ക്ക് ഇന്ത്യ വിടാനാകില്ലെന്നു നേരത്തേ തന്നെ സ്വാമി പറഞ്ഞിരുന്നു. ഇക്കാര്യം വിശദമാക്കി 2018 ജൂൺ 12ന് ഇട്ട ട്വീറ്റ് റിട്വീറ്റ് ചെയ്യുകയാണു സ്വാമി ആദ്യം ചെയ്തത്. ഡൽഹിയിൽ എത്തിയ മല്യ, ലുക്ക് ഔട്ട് നോട്ടിസ് തിരുത്തിക്കാൻ അധികാരമുള്ള ഏതോ ഒരാളുമായി കൂടിക്കാഴ്ച നടത്തി. ആരാണ് അദ്ദേഹം?– ട്വീറ്റിൽ സ്വാമി ചോദിച്ചു.
ബുധനാഴ്ച രാത്രി സ്വാമിയുടെ ട്വീറ്റ് ധനമന്ത്രാലയത്തെ നേരിട്ടു ലക്ഷ്യമിട്ടായിരുന്നു. ‘എനിക്കു കിട്ടിയ അറിവുകളനുസരിച്ച്, മല്യയ്ക്കു വേണ്ടി സിബിഐ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിൻ) എന്ന അറിയിപ്പും കംപ്യൂട്ടറിൽനിന്ന് മാറിയിരുന്നു. പകരം ആ സ്ഥാനത്തു വിവരം അറിയിക്കുക (റിപ്പോർട്ട്) എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതു തിരുത്തിയതു ധനമന്ത്രാലയത്തിൽ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ്. ആരാണ് അതിന് ഉത്തരവാദപ്പെട്ടയാൾ?’
വ്യാഴാഴ്ചയും സ്വാമി വിമർശനം തുടർന്നു. ‘മല്യ നാടുവിട്ട സംഭവത്തിൽ രണ്ടു യാഥാർഥ്യങ്ങൾ നമുക്കു നിഷേധിക്കാനാകില്ല. ഒന്ന്, 2015 ഒക്ടോബര്‍ 24ന് ഇറക്കിയ ലുക്ക് ഔട്ട് നോട്ടിസില്‍ മല്യയെ ‘തടയണം’ എന്ന വാക്ക് മാറ്റി ‘റിപ്പോര്‍ട്ട് ചെയ്യണം’ എന്നാക്കി. ഇതുവഴി മല്യയ്ക്കു ചെക്ക് ചെയ്ത 54 ലഗേജുകളുമായി നാടുവിടാനായി. രണ്ട്, പാര്‍ലമെന്റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ധനമന്ത്രിയെ കണ്ട മല്യ താന്‍ ലണ്ടനിലേക്കു പോകുകയാണെന്നു പറഞ്ഞു’.
സ്വാമിയുടെ ആക്രമണത്തിൽ ബിജെപിയും കേന്ദ്ര സർക്കാരും പകച്ചിരിക്കുകയാണ്. ഇനിയെന്തെല്ലാം ബോംബാണ് സ്വാമി പൊട്ടിക്കുകയെന്ന് ആർക്കും പിടിയില്ല. ഔദ്യോഗികമായി സ്വാമിയുടെ ആരോപണങ്ങളെ നിഷേധിച്ച് മുതിർന്ന നേതാക്കൾ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയം. ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവർക്കു ബിജെപിയുമായും കേന്ദ്ര സർക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ നിരന്തരം ഉയർത്തുന്ന ഘട്ടത്തിലാണു മല്യയുടെ വെളിപ്പെടുത്തൽ. ഇതിന് എരിവേറ്റുന്നതായണ് സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനങ്ങളും.