എംഎല്‍എമാരില്‍ അതിസമ്പന്നര്‍ കര്‍ണാടകയില്‍; വാര്‍ഷിക വരുമാനം 1.1 കോടി

ന്യൂഡല്‍ഹി∙ രാജ്യത്തെ എംഎല്‍എമാരില്‍ അതിസമ്പന്നന്മാര്‍ കര്‍ണാടകയില്‍. കര്‍ണാടകയിലെ 203 എംഎല്‍എമാരുടെ ശരാശരി വാര്‍ഷിക വരുമാനം 1.1 കോടി രൂപയാണ്. പ്രതിമാസം ഏതാണ്ട് ഒമ്പതു ലക്ഷം രൂപയിലേറെ. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്

കേരളത്തിലെ 56 എംഎല്‍എമാരുടെ കണക്കുകളും പരിശോധിച്ചു. 14.16 കോടിയാണ് ഇവരുടെ ആകെ വരുമാനം. ശരാശരി വാര്‍ഷിക വരുമാനം 25.29 ലക്ഷം. ഏറ്റവുമധികം വാര്‍ഷിക വരുമാനമുള്ള 20 എംഎല്‍എമാരുടെ പട്ടികയില്‍ കെ. മുരളീധരന്‍ ഇടം പിടിച്ചു. മുരളിയുടെ ആകെ വരുമാനം 13.04 കോടി രൂപയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും കുറവു വരുമാനമുള്ള 20 എംഎല്‍എമാരുടെ പട്ടികയില്‍ വി.എസ്. അച്യുതാനന്ദനും (41,000 രൂപ) മാവേലിക്കര എംഎല്‍എ ആര്‍.രാജേഷും (60,000 രൂപ) ഉള്‍പ്പെട്ടിട്ടുണ്ട്്. 

രാജ്യത്താകെയുള്ള 4086 സിറ്റിങ് എംഎല്‍എമാരില്‍ 3145 പേരുടെ ശരാശരി വരുമാനം 24.59 ലക്ഷം മാത്രമാണ്. കിഴക്കന്‍ മേഖലയില്‍നിന്നുള്ള 614 എംഎല്‍എമാരാണ് വരുമാനത്തില്‍ ഏറ്റവും പിന്നില്‍. വെറും 8.4 ലക്ഷം മാത്രമാണ് ഇവരുടെ ശരാശരി വാര്‍ഷിക വരുമാനം. തെക്കന്‍ മേഖലയിലെ 711 എംഎല്‍മാരുടെ ശരാശരി വാര്‍ഷിക വരുമാനം 51.99 ലക്ഷം രൂപയാണ്. 941 എംഎല്‍എമാര്‍ തങ്ങളുടെ വരുമാനവിവരം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. 

ഛത്തീസ്ഗഡ് നിയമസഭയിലെ 63 എംഎല്‍എമാര്‍ക്കാണ് ഏറ്റവും കുറവ് ശരാശരി വാര്‍ഷിക വരുമാനം – 5.4 ലക്ഷം രൂപ. ജാര്‍ഖണ്ഡില്‍ 72 പേരുടെ വാര്‍ഷിക വരുമാനം – 7.4 ലക്ഷം. ആകെ 3145 പേരുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതില്‍ 771 പേര്‍ തൊഴില്‍ ‘ബിസിനസ്’ എന്നും 758 പേര്‍ ‘കൃഷി’ എന്നുമാണു രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിയും ബിസിനസും രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്കാണ് ഏറ്റവുമധികം ശരാശരി വാര്‍ഷിക വരുമാനം - 57.81 ലക്ഷം. 

1052 എംഎല്‍എമാര്‍ക്ക് അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനുമിടയില്‍ വിദ്യാഭ്യാസ യോഗ്യതയാണുള്ളത്. ഇവരുടെ വാര്‍ഷിക ശരാശരി വരുമാനം 31.03 ലക്ഷം രൂപയാണ്. എന്നാല്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 1997 എംഎല്‍എമാരുടെ വാര്‍ഷിക വരുമാനം 20.87 ലക്ഷമാണ്. നിരക്ഷരരെന്നു രേഖപ്പെടുത്തിയവരുടെ വാര്‍ഷിക വരുമാനം 9.31 ലക്ഷം രൂപയാണ്. 

25-50 വയസിനിടയില്‍ പ്രായമുള്ള 1402 എംഎല്‍എമാരുടെ വാര്‍ഷിക ശരാശരി വരുമാനം 18.25 ലക്ഷം. അതേസമയം 51-80 വയസിനിടയില്‍ പ്രായക്കാരുടെ വാര്‍ഷിക വരുമാനം 29.32 ലക്ഷം രൂപയാണ്. 81-90 വയസുള്ള 11 എംഎല്‍എമാര്‍ക്കാകട്ടെ 87.71 ലക്ഷം രൂപയാണ് വാര്‍ഷിക ശരാശരി വരുമാനം.  രാജ്യത്തെ പുരുഷ എംഎല്‍എയുടെ ശരാശരി വാര്‍ഷിക വരുമാനം 25.85 ലക്ഷം രൂപയും വനിതാ എംഎല്‍എയുടെ വരുമാനം 10.53 ലക്ഷവുമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.