റഫാൽ ഇടപാടിൽ അന്വേഷണം വേണം: കോൺഗ്രസ് സംഘം സിഎജിയെ കാണും

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘം കംട്രോളർ ആൻ‍ഡ് ഓഡിറ്റർ ജനറലിനെ (സിഎജി) കാണും. രാവിലെ 11.15നാണു കൂടിക്കാഴ്ച. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ് സിങ് സുർജേവാല, വിവേക് തൻഖ തുടങ്ങിയവർ സംഘത്തിലുണ്ടാകും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചിലപ്പോൾ ഇവർക്കൊപ്പമുണ്ടാകാം.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും റഫാൽ വിഷയം സജീവമായി നിർത്താനാണു കോണ്‍ഗ്രസിന്റെ ശ്രമം. നിരവധി മാധ്യമസമ്മേളനങ്ങളാണു വിഷയത്തിൽ കോൺഗ്രസ് നടത്തുന്നത്. നരേന്ദ്ര മോദി സർക്കാർ ഫ്രഞ്ച് സർക്കാരുമായി ചേർന്നുള്ള ഇടപാടിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ കോൺഗ്രസ് ഉയർത്തുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും കേന്ദ്രം തള്ളിക്കളഞ്ഞിരിക്കുകയാണ്.

ഇടപാടില്‍ മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തെന്നു മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി ഇന്നലെ ആരോപിച്ചിരുന്നു. യുപിഎ സര്‍ക്കാരിനെക്കാള്‍ വിലകുറച്ചാണു വിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ എന്തിനാണു വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതെന്നു മോദി വ്യക്തമാക്കണം. എണ്ണം കുറയ്‍ക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും അറിയണം. റഫാലില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അസത്യപ്രചാരണം നടത്തുകയാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ എച്ച്എഎല്ലിന് അറിയില്ലെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന ആ സ്ഥാപനത്തിന്റെ യശസിനു കളങ്കമുണ്ടാക്കിയെന്നും ആന്റണി കുറ്റപ്പെടുത്തി.