കൊച്ചുവേളി മുതൽ ചെന്നൈ വരെ; മാവേലി എക്സ്പ്രസിൽ ‘കള്ളവണ്ടി’ കയറി വെള്ളിക്കെട്ടൻ

മംഗളൂരു ∙ കൊച്ചുവേളിയിൽ നിന്നു മംഗളൂരു വഴി ചെന്നൈയിലേക്ക് എസി കോച്ചിൽ ടിക്കറ്റില്ലാ യാത്ര. ചെന്നൈയിൽ ഇറങ്ങാൻ മറന്ന ‘യാത്രക്കാരനെ’ റെയിൽവേ ജീവനക്കാർ പിടികൂടി തല്ലിക്കൊന്നു. വെള്ളിക്കെട്ടൻ (ശംഖുവരയൻ) പാമ്പാണു കഥാപാത്രം. 25 നു കൊച്ചുവേളിയിൽനിന്നു പുറപ്പെട്ട മാവേലി എക്സ്പ്രസിലാണു പാമ്പു കയറിയത്. 

വാതിലിനു മുകളിൽ കയറിപ്പറ്റിയ പാമ്പ് കൊച്ചുവേളിയിൽ വച്ചു തന്നെ ട്രെയിനിലെ എസി അറ്റൻഡറുടെ ദേഹത്തു വീണിരുന്നു. തുടർന്നു കൊല്ലാൻ ശ്രമിക്കുന്നതിനിടെ കോച്ചുകൾ ഘടിപ്പിക്കുന്ന ഭാഗത്തെ വിടവിലൂടെ താഴേക്ക് ഇറങ്ങി. ജീവനക്കാർ പാളത്തിൽ നോക്കിയെങ്കിലും കണ്ടില്ല. പാളത്തിൽ ഉൾപ്പെടെ പടർന്നു കിടക്കുന്ന കാട്ടിലേക്കു കയറിക്കാണുമെന്നു കരുതി.

26നു രാവിലെ മംഗളൂരുവിലെത്തിയ ട്രെയിൻ ഉച്ചയ്ക്കു മംഗളൂരു – ചെന്നൈ മെയിലായി പുറപ്പെട്ട് 27നു ചെന്നൈയിലെത്തി. അവിടെ ശുചീകരണം നടത്തവേയാണു രണ്ടാം ക്ലാസ് കോച്ചിനകത്തു പാമ്പിനെ വീണ്ടും കണ്ടത്. വാതിലിന്റെ വിടവിൽ ഒളിഞ്ഞു കിടക്കുകയായിരുന്ന പാമ്പിനെ തല്ലിക്കൊന്നു കുഴിച്ചിടുകയും ചെയ്തു. കൊച്ചുവേളിക്കും തിരുവനന്തപുരത്തിനും ഇടയിൽ പണികൾ നടക്കുന്നതിനാൽ മാവേലി എക്സ്പ്രസ് നിലവിൽ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചു നിർത്തിയിടുകയാണ്. കാടുമൂടിയ ഇവിടെ വച്ചാണു പാമ്പ് ട്രെയിനിൽ കയറിയതെന്നു കരുതുന്നു.