ചന്ദ കൊച്ചാർ സ്ഥാനമൊഴിഞ്ഞു; സന്ദീപ് ബക്ഷി ഐസിഐസിഐ ബാങ്ക് സിഇഒ

ചന്ദ കൊച്ചാർ.

മുംബൈ∙ വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്ന ആരോപണം നേരിടുന്ന ചന്ദ കൊച്ചാർ (56), ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ, സിഇഒ സ്ഥാനങ്ങൾ ഒഴിഞ്ഞു. കാലാവധി തീരുംമുമ്പേ വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചന്ദ കൊച്ചാർ നേരത്തേ നൽകിയ അപേക്ഷ സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു.

സന്ദീപ് ബക്ഷിയാണു ബാങ്കിന്റെ പുതിയ മേധാവി. കൊച്ചാറിനെതിരെയുള്ള ആരോപണങ്ങളിന്മേൽ ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ചീഫ് എക്സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായി താൽക്കാലിക ചുമതല വഹിച്ചിരുന്നതു ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് തലവനായ ബക്ഷിയാണ്. 2023 ഒക്ടോബർ 3 വരെയാണു ബക്ഷിയുടെ കാലാവധി.

ആരോപണങ്ങളെ തുടർന്നു കൊച്ചാർ അവധിയിലായിരുന്നു. ഐസിഐസിഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണു ചന്ദ കൊച്ചാറിനു സ്ഥാനം നഷ്ടപ്പെടുത്തിയത്.