ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു; ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

ഇടുക്കി ചെറുതോണി അണക്കെട്ട് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നു ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണു ഷട്ടർ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടർ തുറക്കുമ്പോൾ 2987.50 അടിയായിരുന്നു ജലനിരപ്പ്. 50000 ലീറ്റർ വെള്ളമാണു പുറത്തേക്കൊഴുക്കിയത്. ചുഴലിക്കാറ്റ് സാധ്യതയെ തുടർന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറ‍ഞ്ച് അലർട്ടും പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. 

ചുഴലിക്കാറ്റും ന്യൂനമർദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവർഷത്തിനു തുടക്കമായേക്കും. അടുത്ത വെള്ളി വരെ കേരളത്തിൽ ഉച്ചകഴിഞ്ഞുള്ള മഴയ്‌ക്ക് ഇതു കാരണമാകും. സാധാരണ ഒക്ടോബർ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള–തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കൻ മഴയ്‌ക്ക് നേരത്തേ കളമൊരുക്കുന്നത്. അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയിൽ ക്രമീകരിക്കാനാണ് ആലോചന. . കൂടുതൽ മഴ വിവരങ്ങൾ അറിയാൻ ‘ലൈവ് അപ്ഡേറ്റ്സ്’ വായിക്കുക.