നടി വാണി വിശ്വനാഥ് ആന്ധ്ര രാഷ്ട്രീയത്തിലേക്ക്; ടിഡിപിക്കായി മത്സരിച്ചേക്കും

വാണി വിശ്വനാഥ്

ഹൈദരാബാദ്∙ മലയാളി ചലച്ചിത്ര താരം വാണി വിശ്വനാഥ് തെലുങ്കുദേശം പാർട്ടിയിൽ(ടിഡിപി) ചേരും. പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവായി ഇതുമായി ബന്ധപ്പെട്ടു നേരിട്ടു ചർച്ച നടത്തിയതായി വാണി വിശ്വനാഥ് ‘മനോരമ ന്യൂസിനോട്’ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരി മണ്ഡലത്തിൽ വാണി സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിഡിപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.

എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരാൾ എന്ന പേരിൽ തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ടിഡിപി വാണിയുമായി ഒട്ടേറെ തവണ ചർച്ച നടത്തിയിരുന്നു. തെലുങ്കു സിനിമയിൽ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992 ൽ പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തിൽ അശോകചക്രവർത്തിയായി എൻടിആർ കിരീടമണിഞ്ഞപ്പോൾ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്.

നഗരി മണ്ഡലത്തിൽ നിലവിൽ നടി റോജയാണ് എംഎൽഎ. വൈഎസ്ആർ കോൺഗ്രസ് പ്രതിനിധിയായ റോജയെ തോൽപിക്കാൻ മറ്റൊരു നടിയെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ചന്ദ്രബാബു നായിഡു പയറ്റുന്നത്. തെലുങ്കുദേശം പാര്‍ട്ടിയിൽ നിന്നാണ് റോജ വൈഎസ്ആർ കോൺഗ്രസിലേക്കു മാറിയത്. ഇവർ നിലവിൽ വൈഎസ്ആർ കോൺഗ്രസിന്റെ വനിതാ വിഭാഗം അധ്യക്ഷയുമാണ്.

തമിഴ്നാടിന്റെയും ആന്ധ്രയുടെയും അതിർത്തി പ്രദേശമാണ് നഗരി. തമിഴ്, തെലുങ്ക്, മലയാളം സംസാരിക്കുന്നവരാണ് ഇവിടെയുള്ളത്. മൂന്നു വിഭാഗക്കാർക്കും വാണി സുപരിചിതയായതിനാൽ വോട്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ടിഡിപി കരുതുന്നത്. റോജയ്ക്കു സമാന്തരമായി തൊണ്ണൂറുകളിൽ തെലുങ്ക് സിനിമയിൽ ഉൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു വാണി. മണ്ഡലത്തിൽ വാണിയെ പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. ഇതാണു വാണിയുടെ സ്ഥാനാർഥി സാധ്യതകൾ വർധിപ്പിക്കുന്നത്.