ന്യൂഡല്‍ഹി∙ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ത്രിപുരയില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ പൗരന്മാര്‍ എന്‍ആര്‍സിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ത്രിപുര പീപ്പിള്‍സ് ഫ്രണ്ടാണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അസമില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ പ്രസിദ്ധീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലക്ഷക്കണക്കിനുപേരാണു പൗരത്വപട്ടികയ്ക്കു പുറത്തായത്. അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ രണ്ടാംഘട്ട കരട് കേന്ദ്രസര്‍ക്കാര്‍ ജൂലൈ 30നാണു പ്രസിദ്ധീകരിച്ചത്. ആകെയുള്ള 3.29 കോടിയില്‍ 2.89 കോടി ആളുകളാണു റജിസ്റ്ററിലുള്ളത്. ബംഗ്ലാദേശില്‍നിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന പശ്ചാത്തലത്തില്‍ 1951ലാണ് ആദ്യമായി അസമില്‍ പൗരത്വ റജിസ്റ്റര്‍ തയാറാക്കിയത്.