മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി യുനിസെഫ് എക്സിക്യുട്ടിവ് ഡയറക്ടർ ഹെൻറിയറ്റ ഫോറെ. ആരോഗ്യ, ശുചിത്വ വിഷയങ്ങളിൽ പ്രധാനമന്ത്രി വളരെ മികച്ച രീതിയിലാണു പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ശുചിത്വ പ്രവർത്തനങ്ങൾക്കായി ഒരു ഡോളർ നിക്ഷേപിക്കുന്നുണ്ടെങ്കിൽ ആരോഗ്യ സംരക്ഷണത്തിനുള്ള നാല് ഡോളര്‍ ലാഭിക്കാനാകും. ചികിൽസ തേടുന്നതും മരുന്നു വാങ്ങുന്നതുമെല്ലാം ഇതിലൂടെ ഒഴിവാക്കാം.
ശുചിത്വ പ്രവർത്തനങ്ങൾക്കു പ്രധാനമന്ത്രി ഏറെ പ്രാധാന്യം നല്‍കുന്നു. ജനങ്ങള്‍ മഹാത്മാ ഗാന്ധിക്കായി ഇതു ചെയ്യാൻ ആഗ്രഹിക്കുന്നു. ശുചിത്വ പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നതിൽ അവർ അഭിമാനിക്കുന്നു, കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ പരാമർശിച്ചു യുനിസെഫ് ഡയറക്ടർ പറഞ്ഞു.
യുനിസെഫും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനു മുംബൈയിലെത്തിയതായിരുന്നു അവർ. ശുചിത്വപ്രവർത്തനങ്ങൾക്കായുള്ള നിക്ഷേപം സാമ്പത്തികമായ നേട്ടമുണ്ടാക്കില്ല. പക്ഷേ, സമൂഹം നല്ലതാണെന്ന തോന്നലുണ്ടായാല്‍ പുരോഗതി ആവശ്യമുള്ള മറ്റു മേഖകളിലേക്കു ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ശിശു മരണ നിരക്കു കുറഞ്ഞു വരികയാണ്. ശുചിത്വ ഇന്ത്യ മരണ നിരക്ക് കുറച്ചുകൊണ്ടുവരികയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു ശരിയായ പാതയാണെന്നും ഫോറെ പറഞ്ഞു.
ഇന്ത്യയെപോലെ ഒരു വികസ്വര രാഷ്ട്രത്തിനു ആരോഗ്യ സംരക്ഷണമെന്നതു സുപ്രധാനമായ വെല്ലുവിളിയാണ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് അതീതമായി പോഷകം, ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവയാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്തിന്റെ ശുചിത്വം 38ൽനിന്നു 80 ശതമാനമായതായി പ്രധാനമന്ത്രി മോദി അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കും യുഎൻ ചാംപ്യൻസ് ഓഫ് എർത് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.