ചെന്നൈ∙ ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നു നടന്‍ ബാബുരാജ്. അവരുടെ അവസ്ഥയെക്കുറിച്ചാണു താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം. അര്‍ഥമറിയാത്തതിനാലാകാമെന്നും മാധ്യമങ്ങളോട് ബാബുരാജ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണു താനും. തിലകനു മുൻപു തന്നെയും പുറത്താക്കിയിരുന്നു. അതെന്താണു ഡബ്ള്യുസിസി കാണാത്തത്. ആരോപണങ്ങളോട് അമ്മ പ്രതികരിക്കുമെന്നും 24ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ബാബുരാജ് പറഞ്ഞു. ജനറല്‍ ബോഡി വിളിക്കാനും ആലോചനയുണ്ട്– ബാബുരാജ് പറഞ്ഞു.
ബാബുരാജിന്‍റെ വാക്കുകള്‍ ഇങ്ങനെ:
ഡബ്ള്യുസിസിക്കു പിന്നില്‍ അജൻഡയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്. പ്രസിഡന്‍റായ ലാലേട്ടന്‍റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതിൽ എന്താണു പ്രശ്നം.? എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടർ എന്നു വിളിച്ചാൽ എന്താണു തെറ്റ്? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. എന്തോ ഒരു ഫ്രസ്ട്രേഷന്‍ ആണിത്. ആക്രമിക്കപ്പെട്ട കുട്ടി എന്‍റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ടു സംഘടന വലുതാക്കാന്‍ ഞങ്ങളില്ല. അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ..? - ബാബുരാജ് പറഞ്ഞു.