ബെംഗളൂരു ∙ ബെംഗളൂരുവിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാര്‍ഥികളുടെ മുന്നിൽവച്ച് ആറംഗ സംഘം കുത്തിക്കൊന്നു. ഞായറാഴ്ച സ്കൂളിൽ സ്പെഷൽ ക്ലാസ് നടക്കുന്നതിനിടെ 20 വിദ്യാർഥികളുടെ മുന്നിലായിരുന്നു കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അഗ്രഹാര ദസറഹള്ളി ഹവനൂര്‍ പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ രംഗനാഥ് (60) ആണു മരിച്ചത്.
പത്താം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആൾക്കാർ മുറിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം സംഘം കാറിൽ രക്ഷപ്പെട്ടു. സംഘത്തില്‍പ്പെട്ട ഒരാളെ ബെംഗളൂരുവിൽനിന്നു തന്നെ പിന്നീടു പിടികൂടി. പൊലീസിനെ അക്രമിക്കാൻ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചശേഷമാണു കീഴ്പ്പെടുത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിൽസ നൽകി. സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.