ചൈനയുമായി മെച്ചപ്പെട്ട ബന്ധം: മോദി– ഷി ചിൻ പിങ് കൂടിക്കാഴ്ച നവംബറിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ചിങ് പിങ്ങിനൊപ്പം

ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. നവംബറിൽ അർജന്റീനയിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലോ ഷാവോഹുയ് പറഞ്ഞു. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരിക്കും ഇത്.

അഫ്ഗാനിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി ഇന്ത്യയും ചൈനയും സംയുക്തമായി നടത്തുന്ന പരിശീലന പരിപാടിക്കിടെയാണ് ലോ ഷാവോഹുയ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ചൈനയിലെ വുഹാനിൽ വച്ച് ഈ വര്‍ഷം ഏപ്രിലിൽ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ കണ്ടിരുന്നു. അപ്പോഴുണ്ടായ ധാരണ പ്രകാരമാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥർക്കായി ഇരു രാജ്യങ്ങളും ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 15 മുതൽ 26 വരെയാണ് പരിപാടി നടക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡര്‍ വിനയ് കുമാറും പരിശീലനത്തിൽ സംബന്ധിക്കുന്നുണ്ട്. ഇതോടെ മൂന്നു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണു കരുതുന്നത്.