മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽ റസാഖ് അന്തരിച്ചു

കാസർകോട്∙ മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽ റസാഖ് (63) അന്തരിച്ചു. ഇന്നു പുർച്ചെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. വൈകിട്ട് ആലമ്പാടി ജുമാ മസ്ജിദിലാണ് സംസ്കാരം. സഫിയയാണു ഭാര്യ. മക്കൾ ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.

അബ്ദുല്‍ റസാഖ് ചെര്‍ക്കളം അബ്ദുല്ലയ്ക്കും എ.കെ.ആന്റണിക്കുമൊപ്പം. (ഫയല്‍ ചിത്രം)

രണ്ടു തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 മുതൽ നിയമസഭാംഗമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സിറ്റിങ് എംഎൽഎ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ടുകളാണു ലഭിച്ചത്. എതിർസ്ഥാനാർഥി കെ.സുരേന്ദ്രന് 56,781 വോട്ടും. ഭൂരിപക്ഷം വെറും 89 വോട്ട്. ഇത്തവണത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.

അബ്ദുല്‍ റസാഖ് കുടംബത്തിനൊപ്പം (ഫയല്‍ ചിത്രം)

1967 ൽ മുസ്‌ലിംയൂത്ത് ലീഗ് പ്രവർത്തകനായി രാഷ്‌ട്രീയ ജീവിതത്തിനു തുടക്കം കുറിച്ച പി.ബി. അബ്‌ദുൽ റസാഖ് നിലവിൽ മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. ഏഴുവർഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള റൂറൽ വെൽഫയർ ഡവലപ്‌മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്‌ടർ, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്‌ഥിരംസമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എർമാളം ജമാഅത്ത് ജന.സെക്ര, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാർമൂല ജമാഅത്ത് വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.

മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൽ റസാഖിന് അന്തിമോപചാരമർപ്പിക്കാനെത്തിയവർ. ചിത്രം: രാഹുൽ ആർ.പട്ടം