500 കോടി രൂപ വിലവരുന്ന കന്നുകാലികളെ കാണാനില്ല; ഗുരുതര ആരോപണങ്ങൾ

കൊച്ചി∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു മൃഗംസരക്ഷണ വിഭാഗം പിടിച്ചെടുത്ത 500 കോടിയിൽ പരം രൂപ വിലയുള്ള കന്നുകാലികളെ കാണാനില്ലെന്നും ഇതിൽ വൻ അഴിമതിയുണ്ടെന്നും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ (എംഐ‍ഡബ്ല്യുഎ). സംഘടനയുടെ പ്രസിഡന്റ് എം.എ.സലിം, ജനറൽ സെക്രട്ടറി ബിനോ ജോസ് എന്നിവർ ഉന്നയിച്ച പ്രധാനപ്പെട്ട ആരോപണങ്ങൾ:

∙ അനധികൃതമായി വാഹനങ്ങളിൽ കടത്തുന്നുവെന്ന് ആരോപിച്ചു ദക്ഷിണേന്ത്യയിൽനിന്ന് ആഴ്ചയിൽ 3 കോടിയോളം രൂപയുടെ കന്നുകാലികളെയാണു പിടികൂടുന്നത്.

∙ അനധികൃത നാൽക്കാലിക്കടത്തു പിടിക്കേണ്ട ഓണററി ആനിമൽ വെൽഫെയർ ഓഫിസർമാർ കഴിഞ്ഞ മാർച്ച് 5 മുതൽ നിലവിലില്ലെന്നാണു വിവരാവകാശപ്രകാരമുള്ള മറുപടി.

∙ എന്നാൽ, കഴിഞ്ഞ ഓഗസ്റ്റിൽ സേലത്ത് 73 നാൽക്കാലികളെ ഇതേ ഓഫിസർ തന്നെ പിടികൂടിയിരുന്നു.

∙ പിടിച്ചെടുത്ത നാൽക്കാലികളുടെയും അവയെ താമസിപ്പിക്കുന്ന ഗോശാലകളുടെയും വിശദാംശങ്ങൾ നൽകുന്നില്ല.

∙ നാലു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 87 ഗോശാലകളുണ്ടെന്നു മാത്രമാണു മറുപടി.

∙ തമിഴ്നാട്ടിൽ, ഏറ്റവുമധികം കാലിക്കടത്തു പിടികൂടുന്നത് കോയമ്പത്തൂരിലാണ്. എന്നാൽ, ഇവിടെ ഇത്തരം സംഭവങ്ങൾ തീരെയില്ലെന്നാണ് അധികൃതരുടെ മറുപടി.

∙ സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണിത്.

∙ ഈ വൈരുധ്യം ചൂണ്ടിക്കാട്ടി തമിഴ്നാട് വിജിലൻസ് കമ്മിഷണർക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

∙ സിബിഐക്ക് ഇതേ ആവശ്യമുന്നയിച്ചു പരാതി നൽകിയിട്ടുണ്ട്.

∙ 12 ലക്ഷത്തോളം പേർ ഈ വ്യവസായവുമായി നേരിട്ടും അല്ലാതെയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു.