ചണ്ഡിഗഡ് ∙ അമൃത്‌സർ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്നു പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. തന്റെയും ഭാര്യയുടെയും വ്യക്തിപരമായ തീരുമാനമാണിത്. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളെയും ദത്തെടുക്കും. അവരുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു ചെലവുകളുടെയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളും നൽകും – സിദ്ദു പറഞ്ഞു.
അമൃത്‌സറിൽ നവ്ജ്യോത് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ മുഖ്യാതിഥിയായ ദസറ ആഘോഷത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. സിദ്ദുവായിരുന്നു പരിപാടിയുടെ സംഘാടകൻ. ദുരന്തത്തിനു പിന്നാലെ ഇവർക്കെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തുനിന്നു പോയന്നായിരുന്നു ആക്ഷേപം. എന്നാൽ സംഭവം നടന്നയുടനെ താൻ പോയതല്ലെന്നും പരുക്കേറ്റവർക്കൊപ്പം ആശുപത്രിയിലായിരുന്നെന്നും നവജ്യോത് കൗർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ദത്തെടുക്കുമെന്ന സിദ്ദുവിന്റെ പ്രഖ്യാപനം.
അമൃത്‌സർ ട്രെയിന്‍ ദുരന്തിൽ കൊല്ലപ്പെട്ട 61 പേരുടെയും കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്ന് പഞ്ചാബ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ബ്രഹ്മം മോഹിന്ദ്ര പറഞ്ഞു.