ജേക്കബ് തോമസിനു തിരിച്ചടി; തമിഴ്നാട്ടിലെ ഭൂമി കണ്ടുകെട്ടി ആദായനികുതി വകുപ്പ്

ജേക്കബ് തോമസ്

തിരുവനന്തപുരം ∙ ഡിജിപി ജേക്കബ് തോമസിനു തമിഴ്നാട്ടിലുള്ള 50.33 ഏക്കർ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. ഭൂമി ജപ്തി ചെയ്യാൻ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നൽകിയിരുന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടിൽ ജേക്കബ് തോമസ് 50.33 ഏക്കർ ഭൂമി സ്വന്തമാക്കിയെന്ന കണ്ടെത്തലിനെതുടർന്നാണു നടപടി.

2001ൽ ജേക്കബ് തോമസ് വാങ്ങിയതായി രേഖയുള്ള ഈ ഭൂമി സ്വത്തുവിവരത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. വസ്തു സ്വന്തം പേരിലാണെങ്കിലും വസതിയുടെ വിലാസം കൊച്ചിയിലെ സ്വകാര്യ കമ്പനിയുടേതായിരുന്നു. എന്നാൽ ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടർ അല്ല. സർക്കാർ രേഖകളിൽ അദ്ദേഹത്തിന് ഈ മേൽവിലാസവും ഇല്ല. ആദ്യ 2 നോട്ടിസും കൈപ്പറ്റാത്തതിനാൽ മൂന്നാമത്തെ നോട്ടിസിൽ ഈ വസ്തു ബെനാമി ഇടപാടിലെ ഭൂമിയാണെന്നു കണക്കാക്കുമെന്നും ജപ്തി ചെയ്യുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു.