തൃശൂർ∙ നാലു സ്വാശ്രയ മെഡിക്കൽ സീറ്റുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു മന്ത്രി കെ.കെ. ശൈലജ. സീറ്റുകൾ നഷ്ടപ്പെടുന്നതിലും കുട്ടികളുടെ ഭാവിയിലും സർക്കാരിന് ഉത്കണ്ഠയുണ്ട്. എന്നാൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിനു മുൻപിൽ മറ്റു വഴികളില്ല. സുപ്രീം കോടതി തീരുമാനം വരുന്നതുവരെ കാത്തിരുന്ന് അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണു കോളജുകളിലേക്കു പ്രവേശനം നടത്തിയത്. വിധിയുടെ നിയമവശങ്ങൾ പരിശോധിക്കുമെന്നും വിധിയെ മറികടക്കാൻ ആലോചനകളില്ലെന്നും ആരോഗ്യ സർവകലാശാലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തൃശൂരിൽ മാധ്യമ പ്രവർത്തകരോടായി മന്ത്രി പറഞ്ഞു.