തിരുവനന്തപുരം∙ ശബരിമല പ്രശ്നം യുഡിഎഫിനു തിരിച്ചടിയാവില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുവതീപ്രവേശത്തില്‍ രാഹുല്‍ ഗാന്ധി വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്‍കിയതു നല്ല നിലപാടാണ്. ശബരിമല വച്ചുള്ള രാഷ്ട്രീയക്കളി കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ബിജെപി നടത്തിയ അക്രമങ്ങള്‍ ശബരിമലയോടുള്ള അനാദരമാണ്. സിപിഎമ്മിനു ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സോളറുമായി ബന്ധപ്പെട്ട പീഡനക്കേസ് സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും തന്നെ ഏറ്റവും വേദനിപ്പിച്ചതു ട്രെയിന്‍ യാത്രാവിവാദമാണെന്നും എഴുപത്തിയഞ്ചാം പിറന്നാളിന് മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശ പ്രശ്നത്തില്‍ സിപിഎമ്മും ബിജെപിയും സ്വീകരിച്ച നിലപാടിനിടയില്‍ പെട്ട് യുഡിഎഫിനു തിരിച്ചടിയുണ്ടാകുമെന്ന നിരീക്ഷണങ്ങളെ ഉമ്മന്‍ ചാണ്ടി തള്ളുന്നു. ശബരിമലയോട് ആദരവുണ്ടെങ്കില്‍ ബിജെപി അവിടെ അക്രമം നടത്തുമോ. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ താന്‍ പോസിറ്റീവായാണ് കാണുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഭിമാനകരമായ വിജയം യുഡിഎഫ് നേടും. ദേശീയതലത്തില്‍ സിപിഎം എടുക്കുന്ന നിലപാട് കേരളത്തില്‍ അവര്‍ക്കു തിരിച്ചടിക്കും. സോളര്‍ കേസോ ഇപ്പോഴത്തെ പീഡനക്കേസോ അല്ല, തന്നെ ഏറ്റവും വേദനിപ്പിച്ചത് യുഡിഎഫ് കണ്‍വീനര്‍ ആയിരുന്ന സമയത്തെ ട്രെയിന്‍ യാത്രാ വിവാദമാണെന്നും ഉമ്മന്‍ ചാണ്ടി തുറന്നു പറയുന്നു. ഭാര്യയോടൊപ്പം സഞ്ചരിച്ചതിനെ മറ്റുതരത്തില്‍ ചിത്രീകരിച്ചത് തളര്‍ത്തി. തന്റെ കാര്യത്തില്‍ പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അനുസരിക്കും. ഇതുവരെ ധാരാളം അവസരങ്ങള്‍ കിട്ടി, അതില്‍ പൂര്‍ണ തൃപ്തനാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു.