ന്യൂഡൽഹി∙ രാജ്യത്തെയും ജനാധിപത്യത്തെയും സുസ്ഥാപിതമായ നിയമങ്ങളെയും സംരക്ഷിക്കാൻ തെലുങ്കുദേശം പാർട്ടിയുമായി യോജിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒരുമിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത രാഹുൽ, ടിഡിപിയുമായി മുൻപുണ്ടായിരുന്ന ശത്രുത മറക്കേണ്ട സാഹചര്യം ആസന്നമായിരിക്കുന്നുവെന്നും പറഞ്ഞു. ഇപ്പോഴെന്താണോ അതാണ് ഭാവിയും വർത്തമാനവും. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയാണ് പാർട്ടികളുടെ ഏകീകരണം ആവശ്യപ്പെടുന്നത്. വിശാലസഖ്യത്തിൽ ഒരു പ്രത്യേക നേതാവില്ല. എല്ലാവരും നേതാക്കന്മാരാണ്. പ്രധാന ലക്ഷ്യം ബിജെപി പരാജയപ്പെടുത്തുകയെന്നതാണ്. ബാക്കിയെല്ലാം പിന്നാലെ വരും – രാഹുൽ പറയുന്നു.
രാഹുൽ ഗാന്ധിക്കു പുറമെ എൻസിപി പ്രസിഡന്റ് ശരദ് പവാർ, നാഷനൽ കോൺഫറൻസ് ചെയർമാൻ ഫറൂഖ് അബ്ദുല്ല എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി. മൂന്നു ദശകങ്ങളായി ശത്രുതയിലുള്ള ടിഡിപിയും കോൺഗ്രസും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യത്തിലാണ്. കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിനെ തോൽപ്പിക്കുകയാണ് ലക്ഷ്യം. ഈ ആഴ്ചയിലെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണ് നായിഡുവിന്റേത്. വരന്ന കുറച്ചു മാസങ്ങളിലേക്ക് എല്ലാ ആഴ്ചയും ഡൽഹിയിലെത്താൻ അദ്ദേഹം പദ്ധതിയിടുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വിശാലസഖ്യത്തിന്റെ സാധ്യതകൾ വർധിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ശനിയാഴ്ച മായാവതി, അരവിന്ദ് കേജ്‌രിവാൾ, ശരദ് യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.