ന്യൂഡൽഹി∙ ഗുജറാത്തിൽ നർമദ ജില്ലയിലെ സാധുബേത് ദ്വീപിൽ ഇന്നലെ അനാവരണം ചെയ്ത സര്‍ദാർ വല്ലഭ്ഭായ് പട്ടേലിന്റെ ‘ഏകതാപ്രതിമ’യുടെ ചിത്രത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന ട്വീറ്റുമായി കോൺഗ്രസ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയുടെ കാൽച്ചുവട്ടിൽ മോദി നിൽക്കുന്ന ചിത്രം പങ്കുവച്ചത് കോൺഗ്രസിന്റെ സമൂഹമാധ്യമ വക്താവായ ദിവ്യ സ്പന്ദനയാണ്. 182 മീറ്റർ ഉയരമുള്ള പ്രതിമയ്ക്കു കീഴിയിൽ മോദിയെ പൊട്ടുപോലെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഈ ചിത്രം പങ്കുവച്ച ദിവ്യ, ‘ഇതെന്താ പക്ഷി കാഷ്ഠമാണോ’ എന്ന വാക്കുകളും ട്വീറ്റ് ചെയ്തു.
ഇതിന്റെ പേരിൽ പല ഭാഗത്തു നിന്നും ദിവ്യയ്ക്കു നേരെ വിമർശനവും ഉയരുന്നുണ്ട്. കോൺഗ്രസിന്റെ മൂല്യങ്ങൾ ഇല്ലാതാകുകയാണോയെന്നു ബിജെപി പ്രതികരിച്ചു. ബിജെപിക്കു പുറമേ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തി. ദിവ്യയുടെ വാക്കുകൾ കോൺഗ്രസിന്റെ സമ്മതത്തോടെയല്ലെന്ന് പാർട്ടി പ്രതികരിച്ചു. ഇതിനു പിന്നാലെ വിശദീകരണവുമായി ദിവ്യ തന്നെ രംഗത്തെത്തി. ‘എന്റെ കാഴ്ചപ്പാടുകൾ എന്റേതു മാത്രമാണ്. നിങ്ങളെക്കുറിച്ച് ഞാൻ കൂകിവിളിക്കുന്നില്ല. എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാൻ തീരുമാനിച്ചിട്ടില്ല. കാരണം അതിനു നിങ്ങൾ അർഹരല്ലെന്നതാണ്’ – ദിവ്യ കുറിച്ചു.