പങ്കാളിത്ത പെൻഷൻ പുനഃപരിശോധന: റിപ്പോർട്ട് തയാറാക്കാൻ സമിതി

തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സംബന്ധിച്ച് വിവിധ വശങ്ങൾ പഠിച്ച് സർക്കാരിനു നിർദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് രൂപമായി. ധനവകുപ്പിന്റെ നിർദേശങ്ങൾക്ക് മുഖ്യമന്ത്രി അംഗീകാരം നൽകി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും നിയമസഭയിലും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ സമിതി രൂപീകരിച്ചത്.

പങ്കാളിത്ത പെന്‍ഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കലാണ് സമിതിയുടെ പ്രധാന ചുമതല. റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവാണ് ചെയർമാൻ. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍ഡ്  ടാക്സേഷൻ ഡയറക്ടർ പ്രഫ. ഡി.നാരായണ എന്നിവരാണ് അംഗങ്ങള്‍.