രാജ്യറാണി ‘സ്വതന്ത്രമാകും’; അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നു

കൊച്ചി∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതു റെയിൽവേയുടെ സജീവ പരിഗണനയിൽ. ഇപ്പോൾ അമൃതയോടൊപ്പം ഓടിക്കുന്ന നിലമ്പൂർ രാജ്യറാണി ട്രെയിൻ കൊച്ചുവേളി– നിലമ്പൂർ സ്വതന്ത്ര ട്രെയിനാക്കി മാറ്റുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ മാസം പകുതിയോടെ രാജ്യറാണി സ്വതന്ത്ര ട്രെയിനാക്കി മാറ്റുമെന്ന് പി.വി.അബ്ദുൾ വഹാബ് എംപിക്കു റെയിൽവേ ബോർഡ് ചെയർമാൻ ഉറപ്പു നൽ‍കിയിട്ടുണ്ട്. കേരള എക്സ്പ്രസിനു ആധുനിക കോച്ചുകൾ ലഭ്യമാക്കുന്ന മുറയ്ക്കു ഒഴിവു വരുന്ന റേക്കുകൾ പുതിയ ട്രെയിനിനു നൽകാനാണു തീരുമാനം.

രാജ്യറാണി പ്രത്യേക ട്രെയിനായി മാറുന്നതോടെ അമൃത ഷൊർണൂരിൽ എത്താതെ തൃശൂർ വഴി പാലക്കാട്ടേക്കു പോകും. അമൃതയുടെ യാത്രാസമയം ഒരു മണിക്കൂറോളം കുറയും. ഇതോടൊപ്പം പാലക്കാട്–പൊളളാച്ചി പാതയിലെ പരമാവധി വേഗം 80ൽ നിന്നു 100 ആക്കാൻ ഇന്നു പരീക്ഷണയോട്ടവും നടക്കുന്നുണ്ട്. പാലക്കാട്–മധുര നിലവിൽ 6 മണിക്കൂർ എടുക്കുന്നതു ഇതോടെ നാലര മണിക്കൂറായി കുറയും. മീറ്റർഗേജ് കാലത്തുണ്ടായിരുന്ന പകൽ സമയ പാലക്കാട്–രാമേശ്വരം ട്രെയിൻ അമൃതയിലൂടെ പുനസ്ഥാപിക്കാനാണ് ശ്രമം.

തിരുവനന്തപുരത്തു നിന്നു അമൃത പുറപ്പെടുന്ന സമയം അരമണിക്കൂർ നേരത്തെയാക്കിയാൽ ട്രെയിൻ രാവിലെ 5.30ന് പാലക്കാടും ഉച്ചയ്ക്കു ഒന്നരയോടെ രാമേശ്വരത്തും എത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.രാമേശ്വരത്തു നിന്നു ഉച്ചയ്ക്കു 3.30ന് തിരികെ പുറപ്പെടും. ഇതു സംബന്ധിച്ച ശുപാർ‍ശ പാലക്കാട് ഡിവിഷൻ ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. രാജ്യറാണിയും അമൃതയും രണ്ടാകുന്നതോടെ ഇരുട്രെയിനുകളിലും കോച്ചുകളുടെ എണ്ണം കൂടും. അമൃതയിൽ നിലവിൽ 14 കോച്ചുകളും രാജ്യറാണിയിൽ 9 കോച്ചുകളുമാണുളളത്. ഇത് യഥാക്രമം 22, 16 എന്നിങ്ങനെ കൂട്ടാൻ സാധിക്കും. അമൃതയിലെ എസി കോച്ചുകളുടെ എണ്ണവും കൂടും. 

ഇപ്പോൾ രാവിലെ 7.30ന് പാലക്കാട് നിന്നു അമൃത എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ പൊള്ളാച്ചി ഭാഗത്തേക്കുളള അടുത്ത ട്രെയിൻ ഉച്ചയ്ക്കു മൂന്നിനുളള ചെന്നൈ എക്സ്പ്രസാണ്. എട്ടു മണിക്കൂറോളമാണു ട്രെയിനില്ലാത്തത്. ഇതിനു പരിഹാരമായി പാലക്കാട് പഴനി റൂട്ടിൽ ഡെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ആഴ്ചയിൽ രണ്ടു വീതം ശുപാർശ ചെയ്തിരിക്കുന്ന രാമേശ്വരത്തു നിന്നുളള എറണാകുളം, മംഗളുരു ട്രെയിനുകൾ ആഴ്ചയിൽ മൂന്നു വീതമുളള സർവീസാക്കി മാറ്റിയാൽ പാലക്കാട് –പൊളളാച്ചി പാതയിൽ ആറു ദിവസവും രാത്രികാല സർവീസ് ലഭിക്കും.