രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ; ഫാഷൻ ഡിസൈനറും വീട്ടുജോലിക്കാരിയും ഡൽഹിയിൽ കൊല്ലപ്പെട്ടു

മായാ ലഖാനി. ചിത്രം: ട്വിറ്റർ.

ന്യൂഡൽഹി∙ 53കാരിയായ ഫാഷൻ ഡിസൈനറും അവരുടെ വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയിൽ. തെക്കൻ ഡൽഹിയിലെ വസന്ത്കുഞ്ജ് മേഖലയിൽ വ്യാഴാഴ്ച രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാഷൻ ഡിസൈനർ മായ ലഖാനിയും അവരുടെ വീട്ടുജോലിക്കാരിയുമാണു കൊല്ലപ്പെട്ടത്. മായയുടെ മൃതദേഹം അവരുടെ കിടപ്പുമുറിക്കുള്ളിലും ജോലിക്കാരിയുടേതു ലിവിങ് റൂമിലുമാണു കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽനിന്ന് ശക്തമായ വാദപ്രതിവാദം കേട്ടെന്ന് അയൽക്കാർ മൊഴി നൽകി. അറസ്റ്റിലായ മൂന്നുപേരും മായയ്ക്കുവേണ്ടി ജോലി ചെയ്തവരാണെന്നു പൊലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. കത്തിക്കുത്തേറ്റാണ് ഇരുവരും മരിച്ചിരിക്കുന്നത്. മായയുടെ ശരീരത്തിൽ ഏഴു പരുക്കുകളുണ്ടായിരുന്നെന്നാണ് വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.