മുംബൈ ∙ തുടര്‍ച്ചയായി രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ എ.കെ.കാഠ്പാലിയയെ വീണ്ടും എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ഈ തസ്തികയില്‍നിന്ന് 2017 മാര്‍ച്ചിലാണ് കഠ്പാലിയയ്ക്കു ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത്.
ഇതേ വര്‍ഷം കാഠ്പാലിയയുടെ ഫ്‌ളൈയിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിമാനമെടുക്കുന്നതിനു മുന്നോടിയായി പരിശോധനയ്ക്കു തയാറാകാതെ 'മുങ്ങിയതിന്റെ' പേരിലായിരുന്നു നടപടി. അന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഇയാളെ മാറ്റി. എന്നാല്‍ പിന്നീട് ഡയറക്ടര്‍ സ്ഥാനത്തേക്ക് അഞ്ചു വര്‍ഷത്തേക്കു നിയമനം ലഭിക്കുകയായിരുന്നു.
ഈ മാസം 11-നു വൈകിട്ട് ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന വിമാനം പറത്തേണ്ടിയിരുന്നത് കാഠ്പാലിയയായിരുന്നു. എന്നാല്‍ മദ്യപാന പരിശോധനയില്‍ ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നു മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയാണു യാത്ര തുടര്‍ന്നത്. എഐ111 എന്ന വിമാനം 55 മിനുറ്റ് വൈകുന്നതിനും ഇതു കാരണമായി. ഇതോടെ കാഠ്പാലിയയെ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
കാഠ്പാലിയയ്ക്കു വേണ്ടി രണ്ടു തവണ ബ്രെത്തലൈസര്‍ പരിശോധന നടത്തിയിരുന്നു. രണ്ടിലും അദ്ദേഹം പരാജയപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പു വരെ ഒരുതരത്തിലുള്ള ആല്‍ക്കഹോളിക് പാനീയങ്ങളും ക്രൂ അംഗങ്ങള്‍ കഴിക്കരുതെന്നാണ് എയര്‍ക്രാഫ്റ്റ്‌സ് റൂള്‍ 24 വിശദമാക്കുന്നത്. വിമാനം പറത്തുന്നതിനു മുന്‍പും ശേഷവും എല്ലാവര്‍ക്കും മദ്യപാന പരിശോധനയും നിര്‍ബന്ധമാണ്.
ഒരു തവണ പിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തേക്ക് ഫ്‌ലൈയിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയെന്നതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ചട്ടം. രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ ആജീവനാന്ത കാലത്തേക്കു ഫ്‌ലൈയിങ് ലൈസന്‍സ് റദ്ദാക്കും.