ബാലഭാസ്കറിന്‍റെ മരണം: വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

ബാലഭാസ്കർ

തിരുവനന്തപുരം∙ സംഗീതജ്ഞൻ ബാലഭാസ്കറും മകളും വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിനു നിര്‍ദേശം നൽകി. ബാലഭാസ്കറിന്‍റെ പിതാവും ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിച്ചു മരണത്തില്‍ സംശയം ഉന്നയിച്ചു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണു നടപടി. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നൽകാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി.കെ.ഉണ്ണി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിരുന്നു. എന്തിനാണു തിടുക്കപ്പെട്ടു ബാലഭാസ്കർ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്.

ആരാണ് അർജുൻ? നുണ പറയുന്നത് എന്തിനെന്നു ബാലഭാസ്കറിന്റെ കുടുംബം...

വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ 2 ശസ്ത്രക്രിയകൾക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.