തിരുവനന്തപുരം ∙ കൊച്ചുവേളിയിലെ സിഗ്നൽ തകരാർ കാരണം തിരുവനന്തപുരത്ത് എത്തേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകുന്നു. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണു സിഗ്നൽ തകരാറിലായത്. അര മണിക്കൂറിനുള്ളിൽ പരിഹരിച്ചെങ്കിലും വീണ്ടും തകരാറിലായതോടെ യാത്രക്കാർ വലഞ്ഞു.
പരശുറാം, മധുര പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ കഴക്കൂട്ടത്തു പിടിച്ചിട്ടു. രാത്രി ഏഴരയ്ക്കാണു സിഗ്നൽ പൂർവസ്ഥിതിയിലായത്. എന്നാൽ 4 മണിക്കൂർ സിഗ്നൽ അവതാളത്തിലായതിനാൽ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ട്രെയിനുകൾ വഴിയിൽ പിടിച്ചിടേണ്ടി വന്നു. അർധരാത്രി ഗതാഗതം പൂർവസ്ഥിതിയിലാകുമെന്നാണു റെയിൽവേ പറയുന്നത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ടതും ഇവിടെ എത്തേണ്ടതുമായ ട്രെയിനുകളെ തകരാർ ബാധിക്കില്ലെന്നു റെയിൽവേ അറിയിച്ചു.