അയോധ്യയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു, കോടതിയെ ഭയപ്പെടുത്തുന്നു: മോദി

നരേന്ദ്ര മോദി

ന്യൂഡൽഹി ∙ അയോധ്യ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി അയോധ്യക്കേസ് വൈകിപ്പിക്കാനും കോടതിയിലെ ജഡ്‍ജിമാർക്കിടയിൽ ‘ഭയത്തിന്റെ അന്തരീക്ഷം’ സൃഷ്ടിക്കാനും ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു.

രാജസ്ഥാനിലെ ആൽവാറിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. രാമക്ഷേത്ര നിർമാണം ആവശ്യപ്പെട്ടു വിഎച്ച്പിയും ശിവസേനയും അയോധ്യയിൽ വലിയ റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ പരാമർശമെന്നതു ശ്രദ്ധേയമാണ്.

‘ജുഡീഷ്യറിയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണു കോൺഗ്രസ്. 2019 ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ അയോധ്യക്കേസിലെ വിചാരണ വൈകിപ്പിക്കണമെന്നു സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തവരാണു കോൺഗ്രസുകാർ. ഇങ്ങനെയെല്ലാം ചെയ്യുന്നത് എങ്ങനെ സ്വീകാര്യമാകും?’– മോദി ചോദിച്ചു.