സാലറി ചാലഞ്ച്: മുഖ്യമന്ത്രി വിദ്വേഷ പ്രസ്താവന തിരുത്തണമെന്ന് അധ്യാപകന്റെ കുറിപ്പ്

പിണറായി വിജയൻ, ഡോ.ദിലീപ് രാജ്

കണ്ണൂർ∙ പ്രളയാനന്തര സാലറി ചാലഞ്ചിലെ പങ്കാളിത്തത്തിന്റെ പേരില്‍ കോളജ് അധ്യാപകരെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ ഗവ. കോളജ് അധ്യാപകന്റെ കുറിപ്പ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കോളജ് അധ്യാപകർക്കിടയിൽ അമർഷമുണ്ടെങ്കിലും അധ്യാപക സംഘടനകളൊന്നും കാര്യമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഒരു സംഘടനയിലും അംഗമല്ലാത്ത അധ്യാപകന്റെ കുറിപ്പ്. കോളജ് അധ്യാപകരെ അടച്ചാക്ഷേപിക്കുന്ന ‘ഹെയ്റ്റ് സ്പീച്ച്’ ആണു മുഖ്യമന്ത്രി നടത്തിയതെന്നും എഴുത്തുകാരനും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ഫിലോസഫി വിഭാഗം അധ്യാപകനുമായ ഡോ.ദിലീപ് രാജ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

കോഴിക്കോട് ടേർഷറി കാൻസർ സെന്റർ ഉദ്ഘാടനച്ചടങ്ങിലായിരുന്നു കോളജ് അധ്യാപകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം. ‘സാലറി ചാലഞ്ചിൽ ഏറ്റവും കുറവു പങ്കാളിത്തമുണ്ടായതു കോളജ് അധ്യാപകരുടെ ഭാഗത്തു നിന്നാണ്, ശമ്പളത്തിന്റെ വലുപ്പം കണക്കാക്കിയപ്പോൾ ഇതെങ്ങിനെ കൊടുക്കുമെന്നു പ്രയാസപ്പെട്ടതിനാലാവാം അങ്ങനെയൊരു നിലപാടിലെത്തിയത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

കുറിപ്പിന്റെ പൂർണരൂപം:

"കേരളത്തിലെ സാലറി ചലഞ്ചിൽ ഏറ്റവും കുറവ് പങ്കാളിത്തം ലഭിച്ചത് കോളേജ് അധ്യാപകരുടേതാണെന്ന് പിണറായി വിജയൻ .ശമ്പളത്തിന്റെ വലിപ്പം കണക്കു കൂട്ടി ഇത്രയും കൂടുതൽ എങ്ങനെ കൊടുക്കുമെന്ന പ്രയാസമാണ് കോളേജ് അധ്യാപകർക്കെന്നും അദ്ദേഹം പറഞ്ഞു ...സാലറി ചലഞ്ചിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്ന അധ്യാപകരെ വിമർശിക്കുകയായിരുന്നു മുഖ്യമന്ത്രി" .(ബിഗ് ന്യൂസ് ലൈവ് )

മേൽക്കൊടുത്ത വാർത്ത വാസ്തവമാണെങ്കിൽ ഒരു (മൃഗീയ ) ന്യൂനപക്ഷ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന ഹെയ്റ്റ്‌ സ്പീച്ചാണ് . മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്.ഞാൻ ഒരു മാസത്തെ ശമ്പളം പ്രളയ ഫണ്ടിലേക്ക് കൊടുത്ത അധ്യാപകനാണ് . എന്നാൽ അങ്ങനെ സമ്മതം കൊടുക്കാത്ത അധ്യാപകർ മോശക്കാരാണെന്ന അഭിപ്രായമില്ല . അധികാരികളുടെ ധാർഷ്ട്യമാണ് എല്ലാവരെയും ധാർമികമായി നേടിയെടുക്കാൻ കഴിയാതെ പോയതിനുള്ള കാരണം . ഒരു സംഘടന " ഞങ്ങളുടെ പിരിവിൽ ഏറ്റവും കുറച്ചു സഹകരിച്ചത് ടെക്‌സ്‌റ്റൈൽസ് ഉടമകളാണ്‌ " എന്ന് പ്രസ്താവിക്കും പോലെ ബാലിശമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവം . മുന്നോട്ടു വന്ന മുഴുവൻ പൗരരെയും ചേർത്തു പിടിക്കേണ്ട ഒരാളാണ് മുഖ്യമന്ത്രി.

ദൗർഭാഗ്യവശാൽ ഈ പ്രസ്താവനയോട് ആർജ്ജവത്തോടെ പ്രതികരിക്കുന്ന സംഘടനാ നേതൃത്വങ്ങളും അധ്യാപകർക്കില്ല . സ്വന്തം അംഗങ്ങൾ പലരും എന്തു കൊണ്ടാണ് സാലറി ചലഞ് ഏറ്റെടുക്കാത്തത് (സ്വാർത്ഥത കാരണമാണോ ജനാധിപത്യ ബോധം കൊണ്ടാണോ) എന്ന് മനസ്സിലാക്കാനെങ്കിലും അവർക്ക് സാധിക്കേണ്ടതാണ് . വലിയ ശമ്പളമാണ് കോളേജ് അധ്യാപകർക്കുള്ളതെന്ന ഭീമമായ തെറ്റിദ്ധാരണ മുഖ്യമന്ത്രിയും പ്രചരിപ്പിക്കുന്നതും ഏറെ ദൗർഭാഗ്യകരമാണ് . കോളേജ് അധ്യാപകർക്ക് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും വർഷങ്ങളായി നടപ്പാക്കാത്ത സർക്കാർ തന്നെയാണ് ഇത് പറയുന്നതെന്നത് വിചിത്രമാണ് .

ഈ വിദ്വേഷ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അധ്യാപകരല്ലാത്ത മുഴുവനാളുകളും അധ്യാപകരോടുള്ള അകാരണമായ വിദ്വേഷവും തെറ്റിധാരണയും ഉപേക്ഷിക്കണമെന്നും അഭ്യർത്ഥിക്കുന്നു .

ദിലീപ് ആർ
അസിസ്റ്റന്റ് പ്രൊഫസ്സർ ,
ഫിലോസഫി ഡിപ്പാർട്ടമെന്റ്
ഗവണ്മെന്റ് ബ്രണ്ണൻ കോളേജ്, ധർമടം.