പാവപ്പെട്ടവർക്കു പൂർണ, സൗജന്യ കാൻസർ ചികിൽസയ്ക്ക് ഇൻഷുറൻസ് പദ്ധതി: മുഖ്യമന്ത്രി

ഒരേ ലക്ഷ്യം: കാൻസർ പ്രതിരോധത്തിനായി ദ് വീക്ക് വാരിക അപ്പോളോ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘യെസ്, വി കാൻ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിർവഹിക്കുന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ ഡയറക്ടർ ഡോ. രേഖ എ. നായർ എന്നിവർ സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം ∙ പാവപ്പെട്ട രോഗികൾക്കു കാൻസർ ചികിൽസ പൂർണമായും സൗജന്യമാക്കുന്നതിനു പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഗവ. മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കാൻസർ ചികിൽസയ്ക്ക് ആധുനിക സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ പ്രതിരോധത്തിനായി ദ് വീക്ക് വാരിക ചെന്നൈ അപ്പോളോ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘യെസ്, വി കാൻ’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാൻസറിനെ ചെറുക്കാൻ ബോധവൽക്കരണം, പ്രതിരോധം, ശാസ്ത്രീയ ചികിൽസ എന്നിവയിലൂന്നിയ പദ്ധതികൾക്കു സർക്കാർ നേതൃത്വം നൽകും. അമിതമായ ചെലവു മൂലം ചികിൽസ ഉപേക്ഷിക്കുന്നവരുണ്ട്. അതു സംഭവിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുന്നത്. ജീവിതശൈലി കേരളത്തിൽ കാൻസർ രോഗവർധനയ്ക്കു മുഖ്യകാരണമാണ്. പച്ചക്കറികളിലും മീനിലും വരെ വിഷമാണ്. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കണം. മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് ‘യെസ്, വി കാൻ’ പദ്ധതി. മാനുഷിക സ്പർശമുള്ള പത്രപ്രവർത്തനം എന്ന ‘ദ് വീക്കി’ന്റെ വിശേഷണം ഈ പദ്ധതിയിലൂടെ അന്വർഥമാകുന്നു– മുഖ്യമന്ത്രി പറഞ്ഞു.

കാൻസറിനെ പ്രതിരോധിക്കാൻ സർക്കാരും സമൂഹവും സംരംഭകരും ഒന്നിക്കണമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി പറഞ്ഞു. പ്രോട്ടോൺ തെറപ്പി ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ അപ്പോളോ ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ പ്രളയബാധിതർക്കും പ്രളയത്തിൽ നശിച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പുനർനിർമിതിക്കും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ പ്രതിവർഷം 60,000 കാൻസർ രോഗികൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്നും എട്ടുവർഷത്തിനകം ഇത് 96,000 ആകുമെന്നും റീജനൽ കാൻസർ സെന്റർ ഡയറക്ടർ ഡോ. രേഖ എ.നായർ പറഞ്ഞു. സാക്ഷരതയിൽ മുന്നിലാണെങ്കിലും പകുതിയിലേറെ മലയാളികൾക്കും കാൻസർ ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്നില്ല. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ സർക്കാർ കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജിക്കു തുടക്കമിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

കാൻസറിനെ പ്രതിരോധിക്കാൻ ആധുനിക ചികിൽസാ മാർഗങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കണമെന്നു മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പറഞ്ഞു. കാൻസർ ചികിൽസയിലെ നൂതനമാർഗങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ മുംബൈ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അനിൽ ഡിക്രൂസ്, അപ്പോളോ ഹോസ്പിറ്റൽസ് കൺസൽറ്റന്റ് ഡോ. ജോസഫ് തച്ചേരിൽ, ഓങ്കോളജി വിഭാഗം ഡയറക്ടർ ഡോ. രാകേഷ് ജലാലി, അമൃത ഹോസ്പിറ്റൽ ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. സുബ്രമണി അയ്യർ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ ആരോഗ്യമേഖലയിലെ വിദഗ്ധരും ആശുപത്രി മേധാവികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.