തരൂരിനെതിരെ പന്ന്യൻ രവീന്ദ്രൻ?; തിരുവനന്തപുരം എൽഡിഎഫ് തിരിച്ചുപിടിക്കുമോ

പന്ന്യൻ രവീന്ദ്രൻ (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐ ആലോചിക്കുന്നു. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ വര്‍ഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. നിലവിലെ കോണ്‍ഗ്രസ് എംപി ശശി തരൂരില്‍നിന്ന് മണ്ഡലം തിരിച്ചുപിടിക്കണമെങ്കില്‍ ശക്തമായ രാഷ്ട്രീയപോരാട്ടം ഉണ്ടാകണമെന്നു പാര്‍ട്ടി വിലയിരുത്തുന്നു. പന്ന്യന്‍ രവീന്ദ്രന് ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ ഇതിനു സഹായിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും പന്ന്യനോട് അടുപ്പമുള്ള നേതാക്കള്‍ ഈ വിഷയം അദ്ദേഹത്തോട് സംസാരിച്ചതായാണ് വിവരം.

1977 മുതല്‍ സിപിഐ മത്സരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എം.എന്‍.ഗോവിന്ദൻ നായര്‍, പി.കെ.വാസുദേവൻ നായര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ മണ്ഡലത്തില്‍നിന്നു വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും പ്രകടനം വളരെ പിന്നോട്ടുപോയി എന്നാണു പാര്‍ട്ടി വിലയിരുത്തല്‍. വരുന്ന തിരഞ്ഞെടുപ്പിലും തിരുവനന്തപുരം സീറ്റ് സിപിഐക്കു ലഭിക്കാനാണ് എല്ലാ സാധ്യതയും. സീറ്റിനായി സിപിഎം ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. കോണ്‍ഗ്രസില്‍നിന്നു ശശി തരൂര്‍ തന്നെയാകും സ്ഥാനാര്‍ഥി. തരൂരുമായി മത്സരിക്കുന്നതു ശക്തനായ സ്ഥാനാര്‍ഥിയാകണമെന്നും ചടങ്ങിനുവേണ്ടി മത്സരിച്ചിട്ടു കാര്യമില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായം ഉണ്ട്.

പി.കെ. വാസുദേവന്‍ നായരുടെ മരണത്തെത്തുടര്‍ന്നു 2005 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 74,200 വോട്ടുകള്‍ക്കാണ് പന്ന്യന്‍ രവീന്ദ്രന്‍ വിജയിച്ചത്. പന്ന്യന്‍ 3,90,324 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിന് 3,16,124 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ബിജെപി സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്‍ 36,690 വോട്ടു നേടി. ഇതിനുശേഷം 2009 ലെ തിരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമചന്ദ്രൻ നായരെയാണ് സിപിഐ സ്ഥാനാര്‍ഥിയാക്കിയത്. രാമചന്ദ്രൻ നായര്‍ ജനകീയനല്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നെങ്കിലും നേതൃത്വം നിലപാടില്‍ ഉറച്ചുനിന്നു. ശശി തരൂര്‍ തിരുവനന്തപുരത്ത് ആദ്യമായി സ്ഥാനാര്‍ഥിയായ തിരഞ്ഞെടുപ്പില്‍ ജയം തരൂരിനൊപ്പമായിരുന്നു. ശശി തരൂര്‍ 3,26,725 വോട്ടുകള്‍ നേടിയപ്പോള്‍ രാമചന്ദ്രൻ നായര്‍ക്കു ലഭിച്ചത് 2,26,727 വോട്ട്. ഭൂരിപക്ഷം 99,998 വോട്ട്. ബിഎസ്പി സ്ഥാനാര്‍ഥി നീലലോഹിതദാസന്‍ നാടാര്‍ 86,233 വോട്ട് നേടി.

2014 ലെ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം വലിയ വിവാദമായി. പാര്‍ട്ടി അംഗമല്ലാത്ത ബെന്നറ്റ് എബ്രഹാമിനു സീറ്റ് നല്‍കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിഷേധമുണ്ടായി. തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ 2,97,806 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 2,82336 വോട്ടും നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം 2,48,941 വോട്ടോടെ മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പു തോല്‍വിയോടെ, ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതു കോഴ വാങ്ങിയാണെന്ന് ആരോപണമുയര്‍ന്നു. പാര്‍ട്ടി അന്വേഷണ കമ്മിഷനെ വച്ചു. വെഞ്ഞാറമൂട് ശശി, രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. സി.ദിവാകരനെതിരെ അച്ചടക്ക നടപടി വന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായയെത്തന്നെ നടപടികള്‍ ബാധിച്ചു. അത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.