വാഷിങ്ടൻ∙ ‘കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിവസവും ഞാനവരോടു യാചിച്ചു... എന്നെ ഒന്നു കൊന്നു തരുമോ എന്ന്. അവരുടെ മറുപടി ഇതായിരുന്നു – ഒരു ഉയിഗുർ വംശജ ആയതാണ് നിങ്ങളുടെ കുറ്റം’ – യുഎസിലെ വാഷിങ്ടനിൽ നാഷനൽ പ്രസ് ക്ലബിലിരുന്ന് ദ്വിഭാഷിയുടെ സഹായത്തോടെ എഴുതിയ അനുഭവക്കുറിപ്പ് വായിക്കുമ്പോൾപോലും 29 കാരിയായ മിഹൃഗുൽ ടുർസുൻ കരയുന്നുണ്ടായിരുന്നു, വിറയ്ക്കുന്നുണ്ടായിരുന്നു. ചൈനയിലെ ന്യൂനപക്ഷമായ ഉയിഗുർ വംശജരെ മാത്രം ലക്ഷ്യമിട്ടു ചൈനീസ് സർക്കാർ നടത്തുന്ന കോൺസൻട്രേഷൻ ക്യാംപുകളിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണു ടുർസുന്‍ പുറത്തുവിട്ടത്.
രണ്ടാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തുടർച്ചയായ നാലുദിവസം ഉറക്കംപോലും നിഷേധിച്ചാണു ചോദ്യം ചെയ്തത്. തലമുടി മുഴുവൻ ഷേവ് ചെയ്തു. അനാവശ്യമായി മരുന്നുകൾ നൽകി പരിശോധനകൾ നടത്തി. മൂന്നാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴേക്കും പീഡനം ഇതിലും കടുത്തതായിരുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു താൻ കരുതി. ഒന്നു കൊന്നുതരുമോ എന്ന് അവരോടു യാചിച്ചു- ടുർസുൻ പറഞ്ഞു.
ചൈനയിൽ ജനിച്ചു വളർന്ന ടുർസുൻ ഇംഗ്ലിഷ് പഠിക്കാനായി ഈജിപ്തിലെ സർവകലാശാലയിലേക്കു പോയിരുന്നു. അവിടെവച്ചുതന്നെ കല്യാണവും കഴിച്ചു, ഒറ്റപ്രസവത്തിൽ മൂന്നു കുട്ടികളുമായി. 2015 ൽ കുടുംബത്തെ കാണാനായി ചൈനയിലെത്തിയപ്പോഴാണ് കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. ചൈനയിൽ എത്തിയ ടുർസുനെ ഉടൻ തടങ്കലിലാക്കി പിഞ്ചുകുഞ്ഞുങ്ങളിൽനിന്നു വേർപെടുത്തി. മൂന്നു മാസത്തിനുശേഷം വിട്ടയച്ചപ്പോൾ കുഞ്ഞുങ്ങളിലൊരാൾ മരണമടഞ്ഞിരുന്നു. മറ്റു രണ്ടുപേർക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളും. ശസ്ത്രക്രിയകൾക്കു ശേഷമാണു കുട്ടികളുടെ ജീവൻ രക്ഷിക്കാനായത്.
പിന്നീടു രണ്ടു വർഷത്തിശേഷമാണു വീണ്ടും ഇവരെ തടങ്കലിലാക്കിയത്. വിട്ടയച്ച് കുറച്ചു മാസങ്ങൾക്കുശേഷം മൂന്നാമതും ഇവരെ പിടികൂടി. അന്നും മൂന്നു മാസമാണു തടങ്കലിൽ കഴിയേണ്ടിവന്നത്. ചെറിയ സെല്ലിൽ മറ്റ് 60 സ്ത്രീകൾക്കൊപ്പം ശ്വാസംമുട്ടി കഴിയേണ്ടി വന്നു. കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ഊഴമെടുത്താണ് ഇവർ ഉറങ്ങിയത്. സുരക്ഷാ ക്യാമറകൾക്കു മുന്നിൽ വച്ച് ശുചിമുറി ഉപയോഗിക്കേണ്ടി വന്നു, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തുന്ന പാട്ടുകൾ പാടേണ്ടി വന്നു.
പലപ്പോഴും തങ്ങളുടെ അനുവാദമില്ലാതെ നിരവധി മരുന്നുകൾ അനാവശ്യമായി കഴിപ്പിച്ചിരുന്നു. പലതവണ തലകറങ്ങി വീണിട്ടുണ്ട്. ഒരു വെളുത്ത ദ്രാവകം കഴിച്ചപ്പോൾ ചില സ്ത്രീകൾക്കു ബ്ലീഡിങ് ഉണ്ടായി. മറ്റു ചിലർക്ക് ആർത്തവം നിന്നുപോയി. ആ മൂന്നു മാസ തടങ്കൽ കാലയളവിൽ 9 പേരാണ് ആ സെല്ലിൽ മരിച്ചുവീണത്.
ഒരു ദിവസം ടുർസുനെ ഒരു മുറിയിലേക്കു വിളിപ്പിച്ചു. ഉയർന്ന ഒരു കസേരിയിൽ ഇരുത്തി, കാലുകളും കൈകളും ബന്ധിച്ചു. ഹെൽമറ്റ് പോലെന്തോ തലയിൽ വച്ചു. ഓരോ തവണയും വൈദ്യുതാഘാതമേൽക്കുമ്പോൾ ശരീരം മുഴുവൻ വിറങ്ങലിച്ചു, ഞരമ്പുകളിൽപ്പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. അന്നത്തെ പല കാര്യങ്ങളും ഓർമിക്കുന്നുപോലുമില്ല. വായിലൂടെ വെള്ള നിറത്തിലുള്ള പത പുറത്തുവന്നു. ബോധം മറയാൻ തുടങ്ങി. അധികൃതർ പറഞ്ഞ, തന്റെ ഓർമയിലുള്ള അവസാന വാക്ക് ഒരു ഉയിഗുർ വംശജ ആയതാണ് നിങ്ങളുടെ കുറ്റം എന്നാണെന്നു പറയുന്നു ടുർസുൻ.
വിട്ടയച്ചപ്പോൾ അവർ കുട്ടികളുമായി ഈജിപ്തിലേക്കു പോയി. എന്നാൽ തിരികെ ചൈനയിലേക്കു വരണമെന്ന് ഉത്തരവു വന്നു. പീഡനങ്ങളോർത്ത് അവർ ഭയന്നു. കയ്റോയിൽവച്ച് യുഎസ് അധികൃതരെ ബന്ധപ്പെട്ടു. സെപ്റ്റംബറിൽ യുഎസിലെത്തി വിർജീനിയയിൽ സ്ഥിരതാമസമാക്കി.
അതേസമയം, ടുർസുന്റെ വാദങ്ങളോടു പ്രതികരിക്കാൻ വാഷിങ്ടനിലെ ചൈനീസ് എംബസി തയാറായില്ലെന്നു വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇത്തരം കോൺസൻട്രേഷൻ ക്യാംപുകൾ നിലവില്ലെന്നാണ് ചൈനീസ് സർക്കാരിന്റെ അവകാശവാദം. ചെറിയ ക്രിമിനലുകളെ ‘എംപ്ലോയ്മെന്റ് ട്രെയിനിങ് സെന്ററു’കളിലേക്കാണ് അയയ്ക്കുന്നതെന്നും ചൈനീസ് അധികൃതർ പറയുന്നു.
20 ലക്ഷത്തോളം ഉയിഗുർ വംശജരെ സർക്കാർ ഇത്തരത്തിൽ തടങ്കലിൽ ആക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ചൈനയിലെ അതിശക്തമായ ഈ അടിച്ചമർത്തലിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് 26 രാജ്യങ്ങളിൽനിന്നുള്ള 270 പണ്ഡിതന്മാർ തിങ്കളാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ക്യാംപുകൾക്കു പുറത്തും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾക്കിടെ വ്യക്തിസ്വാതന്ത്ര്യം പോലുമില്ലാതെയാണ് ഉയിഗുർ വംശജർക്കു കഴിയേണ്ടിവരുന്നത്.