തിരുവനന്തപുരം ∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ 58 കേസുകൾ റജിസ്റ്റർ ചെയ്തെന്നും 320 പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. ക്ഷേത്രം അടച്ചിടുമെന്നു ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ തന്ത്രിക്കെതിരെ നടപടി ദേവസ്വം ബോർഡിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സർക്കാർ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ നിലപാട് മാറ്റിയത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാൽ അവർ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണെന്നു മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു