തിരുവനന്തപുരം ∙ ശബരിമലയിലെ പൊലീസിന്റെ ഇടപെടല്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദര്‍ശനത്തിന് അവസരം ഒരുക്കിയതില്‍ ഭക്തര്‍ പരസ്യമായി സന്തോഷം പ്രകടിപ്പിക്കുകയാണ്. ഭക്തര്‍ക്കു സമാധാനപരമായി ശബരിമലയില്‍ പോകാമെന്ന അന്തരീക്ഷം ഉണ്ടായി. ശബരിമലയില്‍ കാണിക്ക ഇടരുതെന്നും അവിടെ പോകരുതെന്നും ചിലര്‍ ആഹ്വാനം ചെയ്തു. ഇതിനെയൊക്കെ അതിജീവിച്ചാണു ഭക്തര്‍ ശബരിമലയില്‍ എത്തിയത്. അവരെ സഹായിക്കാനാണ് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ നിയന്ത്രണം അനിവാര്യമാണ്. അതു പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ശബരിമലയില്‍ ഒന്നിച്ചാണു സമരം ചെയ്യുന്നത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങി. കേരളത്തില്‍ നാമജപത്തിനു തടസമില്ല. എന്നാല്‍ അക്രമികള്‍ ശബരിമലയില്‍ നാമം ജപിച്ചാല്‍ അക്രമികളല്ലാതാകില്ല. കേരളത്തില്‍ എവിടെയെല്ലാം നാമജപം നടന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായോ- മുഖ്യമന്ത്രി ചോദിച്ചു. 2013-14ല്‍ 47 കോടി രൂപയാണു സര്‍ക്കാര്‍ ശബരിമല ക്ഷേത്രത്തിന് അനുവദിച്ചത്.
2014-15ല്‍ 48 കോടി, 2015-16ല്‍ 116 കോടി, 2016-17ല്‍ 131കോടി, 2017-18ല്‍ 202 കോടി രൂപ വീതം സര്‍ക്കാര്‍ ചെലവഴിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണു കൂടുതല്‍ തുക ചെലവഴിച്ചതെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. കോണ്‍ഗ്രസ് തളരണമെന്ന് എല്‍ഡിഎഫ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് തളര്‍ന്ന് ബിജെപി വളരണമെന്നു സിപിഎം ആഗ്രഹിച്ചിട്ടില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് ശോഷിച്ചുപോയി എന്നു പാര്‍ട്ടി നോക്കിക്കാണുന്നില്ല. ബിജെപിയുമായി ഒന്നിച്ചു നില്‍ക്കാനുള്ള പ്രവണത കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.